നീലേശ്വരം: നഗരസഭയിലെ തീരദേശജനത ആശ്രയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നു.
ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരില്‍ ഒരാള്‍ നാളുകളായി അവധിയിലാണ്. രണ്ടാമത്തെ ഡോക്ടറും ചൊവ്വാഴ്ച്ച മുതല്‍ അവധിയില്‍ പോയതോടെയാണ് ഇവിടെ ചികിസ തേടിയെത്തിയവര്‍ വഴിയാധാരമായത്. 15 ദിവസത്തേക്കാണ് അവധി. നാട്ടുകാര്‍ വിവരമറിയിച്ചതുസരിച്ച് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് വേലിക്കോത്ത് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ 2 ഡോക്ടര്‍മാരും അവധിയില്‍ പോയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയെക്കുറിച്ച് ഡി.എം.ഒയ്ക്കും അറിവൊന്നുമില്ലാത്ത സ്ഥിതിയാണ്. അതേസമയം ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഇന്നും തിരിച്ചു പോകേണ്ട സ്ഥിതിയുണ്ടായത്. സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക ഡോക്ടറെ നിയമിച്ചിട്ടുണ്ടെന്ന് നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.പി.ലത പറഞ്ഞു. അതേസമയം തീരദേശത്തെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ ഡോക്ടറില്ലാത്ത അവസ്ഥക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. എല്ലാ സൗകര്യങ്ങളോടും കൂടി ഇവിടെ പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും ഇതില്‍ ഇതുവരെ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇപ്പോഴും പഴയ കെട്ടിടത്തില്‍ തന്നെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.