കൊടുംചൂടില്‍ തണ്ണിമത്തന് വിലയും വില്‍പ്പനയും വര്‍ദ്ധിച്ചു

നീലേശ്വരം: വേനല്‍ ചൂട് കടുത്തതോടെ തണ്ണി മത്തന്‍ വില്‍പ്പന പൊടിപൊടിക്കുന്നു. നോമ്പ് വിഭവങ്ങളില്‍ പ്രധാനികൂടിയായതോടെ തണ്ണിമത്തന്‍റെ വിലയും ഉയരുന്നു. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 15, 20 രൂപയുണ്ടായിരുന്ന തണ്ണിമത്തന്‍ വില ഇപ്പോള്‍ 25, 30 രൂപയില്‍ എത്തിയിരിക്കുകയാണ്. കൊടും വേനലില്‍ ആശ്വാസം നേടാന്‍ തണ്ണിമത്തന്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. നീലേശ്വരത്ത് മൊത്ത വില്‍പ്പന നടത്തുന്ന ബാംഗ്ലൂര്‍ സ്വദേശിയും, അനന്തംപള്ള താമസക്കാരനുമായ മെഹമ്മൂദിന്‍റെ കടയില്‍ നിന്നും ഒരു ദിവസം വിറ്റഴിക്കുന്നത് 4 മുതല്‍ 6 വരെ ടണ്‍ തണ്ണിമത്തനാണ്. കര്‍ണ്ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് തണ്ണിമത്തന്‍ എത്തിക്കുന്നത്. വേനല്‍ കടുത്തതോടെ ഈ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞത് വില കൂടാന്‍ ഇടയായി എന്നാണ് മഹമ്മൂദ് പറയുന്നത്.

ഇതിനിടയില്‍ മുസ്ലീം സമൂഹത്തിന്‍റെ നോമ്പുകാലവും എത്തിയതോടെ തണ്ണിമത്തന്‍ വിപണിയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജ്യൂസാക്കിയും, ക്ഷണങ്ങള്‍ മുറിച്ചും, മുഴുവനായും തണ്ണിമത്തന്‍ വില്‍ പ്പന വ്യാപകമാണ്. വില അല്‍പ്പം കൂടുതലാണെങ്കിലും കൊടുംചൂടില്‍ അമിതമായി ഗ്ലൂക്കോസും, ജലാംശം കൂടുതലുമുള്ളതിനാല്‍ ജ്യൂസ് കടകളിലും തണ്ണിമത്തനുതന്നെയാണ് ഡിമാന്‍റ്.