മംഗലാപുരം: ധര്‍മ്മസ്ഥല കേസില്‍ എസ്ഐടിയിലെ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം. സാക്ഷിയെ പരാതി പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു എന്നാണ് പരാതി. എസ് ഐ ടി യിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷിയുടെ അഭിഭാഷകരില്‍ ഒരാളാണ് പരാതി നല്‍കിയത്. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരെയാണ് പരാതി. സമ്മര്‍ദ്ദം മൂലമാണ് താന്‍ പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ചെന്നും ഇത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മഞ്ജുനാഥ ഗൗഡയെ ഉടന്‍ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്ന് സാക്ഷിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിനും പരാതി ഇ-മെയില്‍ ആയി അയച്ചു.
അതേസമയം, ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തതായി സാക്ഷി അവകാശപ്പെടുന്ന 9 മുതലുള്ള പോയിന്‍റുകളില്‍ അഞ്ചാം ദിനമായ ഇന്നും പരിശോധന നടക്കും. സാക്ഷി ചൂണ്ടിക്കാണിച്ച 9 മുതല്‍ 12 വരെയുള്ള പോയന്‍റുകള്‍ നേത്രാവതി നദിക്കരയിലുള്ള ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിലാണ്. ധര്‍മസ്ഥലയിലേക്ക് പോകുന്ന ദേശീയപാതയാണിത്. ആറാമത്തെ പോയന്‍റില്‍ നിന്ന് കണ്ടെടുത്ത അസ്ഥിഭാഗങ്ങള്‍ ബാംഗ്ലൂരിലെ എഫ്എസ്എല്‍ ലാബിലെത്തിച്ചു. ഇന്നലെ തെരച്ചിലില്‍ ഏഴ്, എട്ട് പോയന്‍റുകളില്‍ ആറടി വരെ താഴ്ചയില്‍ കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വകാര്യഭൂമിയില്‍ പോലീസ് നിരീക്ഷണത്തിലുള്ള മറ്റ് പോയിന്‍റുകളിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കാനുള്ള നടപടിക്രമങ്ങളും അന്വേഷണസംഘം തുടരുകയാണ്. പതിമൂന്നാമത്തെ പോയന്‍റ് നേത്രാവതി സ്നാനഘട്ടത്തില്‍ നിന്ന് ആജുകുരി എന്ന സ്ഥലത്തേക്ക് പോകുന്ന ചെറുറോഡില്‍ റോഡിന് തൊട്ടരികെയുമാണ്.ഭൂമി കുഴിച്ച് നടത്തുന്ന പരിശോധനയില്‍ കിട്ടുന്ന തെളിവുകള്‍ അതീവ രഹസ്യമാക്കി വെക്കുകയാണ് അന്വേഷണ സംഘം. മാധ്യമപ്രവര്‍ത്തകരെ അവിടേക്ക് അടുപ്പിക്കുന്നില്ല. ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലില്‍ സത്യമുണ്ടെന്ന് വ്യക്തമായതോടെ ആഭ്യന്തര വകുപ്പും എസ്ഐടിയും കടുത്ത ജാഗ്രതയിലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ ജനങ്ങളില്‍ ചേരിതിരിവ് ഉണ്ടാവാതിരിക്കാനും ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്.