നീലേശ്വരം : അഴിത്തലയില്‍ ഇന്നലെ തകര്‍ന്ന മല്‍സ്യബന്ധന തോണിയുടെ പകുതിഭാഗം അഴിത്തല ബദ്ര്‍ മസ്ജിദ് സമീപം കടല്‍ക്കരയില്‍ ഇന്നു പുലര്‍ച്ചെ കണ്ടെത്തി. കാണാതായ മുജീബിനായുള്ള തിരച്ചില്‍ തുടരുന്നു. 37 പേരുമായി വലിയപറമ്പ് മാവിലാടത്തുനിന്ന് കടലില്‍ പോയ 'ഇന്ത്യന്‍' ബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് കള്ളക്കടല്‍ പ്രതിഭാസത്തില്‍പ്പെട്ട് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. ബാക്കി 35 പേരെ രക്ഷപ്പെടുത്തി. മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂര്‍ കൊങ്ങന്‍റെ ചെറുപുരയ്ക്കല്‍ അബൂബക്കര്‍ (കോയ മോന്‍-62) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരപ്പനങ്ങാടി സ്വദേശി ഐ.പി. മുജീബിനെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടില്‍ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍, കണ്ണൂര്‍ ഡിഐജി രാജ് പാല്‍ മീണ എന്നിവരുടെ നേതൃത്വത്തില്‍ അഴിത്തല അഴിമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ജില്ലാ പോലീസ് മേധാവി ഡി.ശില്പ സബ് കലക്ടര്‍ പ്രതീക് ജയിന്‍ എന്നിവര്‍ അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു. ഫിഷറീസ് വകുപ്പും തീരദേശ പോലീസും രക്ഷാ ബോട്ടുകളില്‍ തിരച്ചില്‍ തുടരുന്നു.
റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അപകടത്തില്‍ പെട്ട് കടലില്‍ മുങ്ങിയ ഇന്ത്യന്‍ എന്ന ബോട്ടില്‍ നിന്നും മുജീബ് മുനീര്‍ (47) ചെട്ടിപ്പടി, പരപ്പനങ്ങാടി എന്നയാളെ കാണാതായിട്ടുണ്ട്. അഒടഅച എന്ന് എഴുതിയ നീലയും മഞ്ഞയും നിറത്തിലുള്ള ജെഴ്സിയും കറുപ്പ് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, തൃക്കരിപ്പൂര്‍ ഫോണ്‍ : 9497970116, 9497965198.