പാണത്തൂര്‍: കാസര്‍കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ള വില്ലേജുകളിലൊന്നായ പനത്തടി വില്ലേജ് ഓഫീസില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരും ജനങ്ങളും ഒരേപോലെ വലയുന്നു. 21934 ഏക്കര്‍ സ്ഥലം വില്ലേജിന്‍റെ പരിധിയിലുണ്ട്. എസ് സി/ എസ് ടി വിഭാഗങ്ങളടക്കം കാല്‍ലക്ഷത്തോളമാണ് ജനസംഖ്യ. കമ്മാടിപോലെയുള്ള മലയോര പ്രദേശത്തേക്ക് വില്ലേജ് ഓഫീസില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട്. പാണത്തൂരില്‍ നിന്നും ദുര്‍ഘട പാതയിലൂടെ കമ്മാടിയിലെത്താന്‍ 2000 രൂപയാണ് ജീപ്പ് വാടക. ഇത്രയും വിസ്തൃതിയുള്ള വില്ലേജില്‍ ഓഫീസര്‍ക്ക് പുറമെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറുമുണ്ട്. പക്ഷേ അദ്ദേഹത്തിന് കമ്പ്യൂട്ടറും ആവശ്യത്തിന് ഫര്‍ണ്ണിച്ചറും അനുവദിച്ചിട്ടില്ല. വില്ലേജിന്‍റെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ക്ക് കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും പ്രിന്‍ററിന് ടോണറില്ല. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ യഥാസനയം നല്‍കാന്‍ കഴിയുന്നില്ല. നികുതി വാങ്ങിയാലും രശീതി കിട്ടാന്‍ മാര്‍ഗ്ഗമില്ലെന്ന് ചുരുക്കം.
യാത്രാസൗകര്യം ഒട്ടുമില്ലാത്ത പല പ്രദേശങ്ങളിലും വില്ലേജ് ഓഫീസര്‍ക്ക് പോകാന്‍ വാഹനമില്ല. പ്രത്യേകിച്ച് വര്‍ഷകാലങ്ങളിലുണ്ടാവുന്ന മണ്ണിടിച്ചില്‍, കൃഷിനാശം, വീടുകളുടെ തകര്‍ച്ച തുടങ്ങിയ നാശനഷ്ടങ്ങള്‍ നേരില്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെട്ടവരാണ് വില്ലേജ് ഓഫീസര്‍മാര്‍. വര്‍ഷകാലത്തെങ്കിലും പാണത്തൂരിലെ വില്ലേജ് ഓഫീസര്‍ക്ക് യാത്രചെയ്യാന്‍ വാഹനം അനുവദിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഡിപ്പാര്‍ട്ട്മെന്‍റ് വക വാഹനം അനുവദിക്കുന്നില്ലെങ്കില്‍ വാടകയ്ക്ക് വാഹനം വിളിക്കാനുള്ള അനുമതി നല്‍കേണ്ടതുണ്ട്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടവിധത്തില്‍ പ്രതികരിക്കുന്നില്ല. ഭരണകക്ഷിക്കാരാണ് മുന്‍നിരയില്‍ നിന്ന് പ്രതികരിക്കേണ്ടത്. പക്ഷേ അത് പാണത്തൂരില്‍ നടക്കുന്നില്ലത്രെ.