ഫര്‍ണ്ണിച്ചര്‍ ഷോപ്പില്‍ അഗ്നിബാധ

കാസര്‍കോട്: കുണ്ടംകുഴിയിലെ ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തില്‍ തീപിടിത്തം. ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു. കുണ്ടംകുഴി സ്കൂളിന് സമീപം ബേഡകം ഗാന്ധി നഗറിലെ പ്രസാദിന്‍റെ ഉടമസ്ഥതയിലുള്ള മോള്‍ഡിങ്ങ് മര ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയിലാണ് തീപിടിത്തം. ഇന്ന് പുലര്‍ച്ചെ അഞ്ചുണിയോടെയാണ് സംഭവം. പണി സാധനങ്ങളടക്കമുളള മെഷിനുകളും, നിര്‍മ്മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. അടുത്തമാസം കലശാട്ട് നടക്കുന്ന ക്ഷേത്രത്തിലേക്ക് ഒരുക്കിവെച്ച സാധനങ്ങളും കത്തി നശിച്ചവയിലുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്സും എത്തിയാണ് രണ്ടുമണിക്കൂര്‍കൊണ്ട് തീയണച്ചത്. അപ്പോഴേയ്ക്കും ഫര്‍ണിച്ചറുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചിരുന്നു. 5 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീ പടരാന്‍ കാരണമെന്ന് സംശയിക്കുന്നു. നാഗരാജ് ഭട്ടിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തം.