വേനല്‍ മഴയില്‍ മതിലിടിഞ്ഞ് നാശനഷ്ടം

കാഞ്ഞങ്ങാട്: ശക്തമായ വേനല്‍ മഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിന്‍റെ മതിലിടിഞ്ഞ് വന്‍ നാശനഷ്ടം സംഭവിച്ചു. ഉപ്പിലികൈ എരോത്ത് വീട്ടില്‍ കണ്ണന്‍നായരുടെ മകന്‍ റിട്ട.എസ്ഐ ഇ.വി.സുധാകരന്‍റെ പറമ്പിലെ മതിലാണ് കഴിഞ്ഞദിവസം മഴയില്‍ തകര്‍ന്നത്. മടിക്കൈ പഞ്ചായത്തില്‍പ്പെടുന്ന ഗുരുവനം കുന്നിനരികില്‍ സുധാകരന്‍റെ തൈപ്പറമ്പില്‍ കെട്ടിയ മതിലാണ് തകര്‍ന്നത്. കുന്നിന് മുകളില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുക്കുകയും പ്രസ്തുത സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം മുഴുവന്‍ സുധാകരന്‍റെ പറമ്പിലേക്ക് ശക്തമായി ഒഴുകുകയും റോഡരികില്‍ കെട്ടിയ മതില്‍ പാടെ തകരുകയുമായിരുന്നു. ഏകദേശം 50000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. ഇതുസംബന്ധിച്ച് ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കി.