തൃക്കരിപ്പൂര്‍: കായിക വകുപ്പ് മന്ത്രിയുടെ പരിപാടി വീക്ഷിക്കാനെത്തിയ യുവാവിനെ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പിന്നീട് പിന്തുടര്ന്ന് ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി.
തൃക്കരിപ്പൂര്‍ വടക്കേമ്പാടിലെ സിദ്ദിഖിന്റെ മകന് മുഹമ്മദ് സര്‍ഫാസ് മുക്രിരിയാണ് (20) ആക്രമണത്തിനിരയായത്. പരിക്കേറ്റ യുവാവ് തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കായിക വകുപ്പ് മന്ത്രിയുടെ പരിപാടി വീക്ഷിക്കാന്‍ എത്തിയപ്പോഴാണ് യുവാവിനെ പന്ത്രണ്ടോളം പേര് ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഭയന്ന് സ്ഥലത്തുനിന്ന് ഓടിപ്പോയ യുവാവിനെ സംഘം പിന്തുടരുകയും ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആക്രമണത്തിനിടെ യുവാവിന്റെ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ ചവിട്ടി നശിപ്പിച്ചതായും പരാതിയുണ്ട്. യുവാവിനെ ലീഗ് പ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിച്ചതെന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ കോയങ്കരയിലെ കുട്ടാപ്പി എന്ന സനീഷ്, വിഷ്ണു എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേരെയും പ്രതികളാക്കി ചന്തേര പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.