നീലേശ്വരം: ഓട്ടോ ഡ്രൈവറായ മകന് കെ.പി. മുഹമ്മദ് സാദത്തിന്റെ മരണം അപകട മരണമല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. ഭീമനടി പാങ്കയത്തെ കെ.പി. സഫിയത്താണ് നീലേശ്വരം പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കഴിഞ്ഞ മാര്‍ച്ച് 26 ന് രാത്രി 10 മണിയോടെയാണ് കയ്യൂര്‍ അരയാക്കടവ് പാലത്തിന് മുകളില്‍ വച്ച് അപകടമുണ്ടായത്. ഭീമനടി പാങ്കയത്തെ എറമുള്ളാന്റെ മകന് കെ.പി. മുഹമ്മദ് സാദത്ത് (41) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ സാദത്ത് സുഹൃത്തിനൊപ്പം അരയാക്കടവ് പാലത്തില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു. ഇതിനിടെ കെ.എല്‍. 60 ആര് 4446 നമ്പര്‍ കാര്‍ ഇടിച്ചാണ് സാദത്ത് മരിച്ചതെന്നാണ് ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നതെന്ന് മാതാവ് ചൂണ്ടിക്കാട്ടി.
എന്നാല്‍ മകന്റെ മരണം സാധാരണ വാഹനാപകടമായി കാണാനാകില്ലെന്നാണ് സഫിയത്തിന്റെ ആരോപണം. മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന മുന്‍ ബന്ധവുമായി ബന്ധപ്പെട്ട് അവരുടെ വീട്ടുകാരാണ് മകനെ ലക്ഷ്യമിട്ട് അപകടം ഉണ്ടാക്കിയതെന്നാണ് മാതാവ് ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ തന്നെ ഇക്കാര്യം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ചീമേനി പൊലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമായ അന്വേഷണം ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. മകന്റെ മരണത്തില്‍ സംശയമുള്ളവരുടെയും സംഭവസമയത്ത് സാദത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ സംഭവത്തിന്റെ യഥാര്‍ഥ വസ്തുത പുറത്തുവരുമെന്ന് സഫിയ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണത്തിന് പൊലീസ് തയ്യാറായില്ലെന്നും, തുടക്കം മുതല്‍ പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്നും മാതാവ് പറഞ്ഞു.
മകന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കി സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് സഫിയയുടെ ആവശ്യം. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കണ്ണീരോടെയാണ് മകന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഫിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. അപകടമരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ സംശയങ്ങള്‍ വിശദമായി അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.