കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ്റ്റാന്‍റില്‍ പ്രൈവറ്റ് ബസില്‍ യാത്രക്കാരെ കണ്ടക്ടര്‍മാര്‍ വിളിച്ച് കയറ്റുന്നതിനിടയില്‍ തൊട്ടടുത്ത് യാത്രക്കാരെ വിളിച്ച് കയറ്റുന്ന സ്ത്രീകണ്ടക്ടറുടെ ശബ്ദം വേറിട്ട കാഴ്ചയായി. കാഞ്ഞങ്ങാട് നിന്നും ഒടയംചാല്‍ വഴി കൊന്നക്കാടേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലെ വനിതാ കണ്ടക്ടര്‍ ചെറുവത്തൂര്‍ ആനിക്കാടി സ്വദേശി കെ.രമയാണ് പതിവില്‍ നിന്നും വ്യത്യസ്ഥമായി യാത്രക്കാരെ മാടി വിളിച്ചും അടുത്ത് ചെന്ന് സംസാരിച്ചും ബസില്‍ കയറാന്‍ പ്രേരിപ്പിക്കുന്നത്. സാധാരണ കെ.എസ്.ആര്‍.ടി.സിയിലെ കണ്ടക്ടര്‍മാര്‍ യാത്രക്കാരെ വിളിച്ച് കയറ്റുന്ന പതിവില്ലെന്നുതന്നെ പറയാം. അഥവാ കുറച്ചകലെ നിന്നും ഒരു യാത്രക്കാരന്‍ ഓടിവരുന്നത് കണ്ടാല്‍ അത് കൂട്ടാക്കാതെ കണ്ടക്ടര്‍ ഡബിള്‍ബെല്‍ കൊടുത്ത് വണ്ടി എടുത്തുപോകുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായിട്ടാണ് രമ തന്‍റെ ജോലി ചെയ്യുന്നത്. ബസ്റ്റാന്‍റിലെ ഇരുവശത്തും കടയ്ക്ക് മുന്നില്‍ നില്‍ക്കുന്ന യാത്രക്കാരോട് എവിടെ പോകേണ്ടതാണെന്ന് ചോദിച്ച് മനസിലാക്കി അവരെയും ബസില്‍ കയറ്റുകയാണ് രമ ചെയ്യുന്നത്. ഓരോ ബസ്റ്റോപ്പില്‍ എത്തുമ്പോഴും ഇറങ്ങേണ്ട സ്ഥലവും ബസ് പോകുന്ന സ്ഥലവും വിളിച്ചു പറയും. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ബസ് കയറാനും ഇറങ്ങാനും കഴിയുന്നു. 2011 ല്‍ സര്‍വ്വീസില്‍ കയറിയ രമ 12 വര്‍ഷം പയന്നൂര്‍ ഡിപ്പോയുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. 3 വര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലം മാറിവന്നത്. പയ്യന്നൂര്‍ ബസ്റ്റാന്‍റില്‍ രമ യാത്രക്കാരെ വിളിച്ചുകയറ്റുമ്പോള്‍ പ്രൈവറ്റ് ബസുകാര്‍ ഒന്നു മതിയാക്ക് രമചേച്ചി എന്ന് പറഞ്ഞ് കളിയാക്കാറുണ്ടായിരുന്നു. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് വന്നപ്പോള്‍ പയ്യന്നൂരിലെ പ്രൈവറ്റ് ബസുകാര്‍ക്ക് ആശ്വാസമായി. ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ പ്രൈവറ്റ് ബസിലെ കണ്ടക്ടര്‍മാരും പയ്യന്നൂരിലെ പല്ലവി ആവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ചേച്ചി മതിയാക്കപ്പാ വണ്ടിവിട് എന്നാണ് പറയുന്നത്. എന്നാല്‍ എല്ലാ ബസ് തൊഴിലാളികളോടും വളരെയധികം സ്നേഹത്തോടെയാണ് രമ പെരുമാറുന്ന ത്. എന്തിനാ ചേച്ചി ഇത്രയും റിസ്ക് എടുത്ത് പണി എടുക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ചോറല്ലേ സുഹൃത്തേ അപ്പോള്‍ അതിന്‍റെ കൂറും സ്നേഹവും നമ്മള്‍ കാണിക്കണ്ടേ എന്നാണ് മറുചോദ്യം. ഇങ്ങനെ എല്ലാവരും വിചാരിച്ചാല്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് വളരെ ലാഭത്തില്‍ ഓടുമായിരുന്നു. അതേ നമ്മള്‍ ചെയ്യുന്ന ജോലി ഏതുമാകട്ടെ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും ചെയ്താല്‍ ആ സ്ഥാപനം രക്ഷപ്പെടും. നമ്മളും രക്ഷപ്പെടും. ഇതാണ് രമയുടെ പോളിസി. രമ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസുകളില്‍ കളക്ഷന്‍ കൂടിയിട്ടുണ്ട്.
വ്യത്യസ്ഥയായൊരു വനിതാ കണ്ടക്ടറുണ്ട് കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍