പയ്യന്നൂര്‍: പയ്യന്നൂരില്‍ വന്‍ കവര്‍ച്ച. വീടിന്‍റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു.
പയ്യന്നൂര്‍, പെരുമ്പയിലെ സി.എച്ച് സുഹ്റയുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്. സുഹ്റയുടെ ഭര്‍ത്താവ് ആമു രോഗബാധിതനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹ്റ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലായിരുന്നു. മകനും ഭാര്യയും ചെറുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ വീടിന്‍റെ മുകള്‍ നിലയിലെ മുറിയിലാണ് കിടന്നിരുന്നത്. ഇന്ന് രാവിലെ ഏഴു മണിക്ക് ഇവര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്‍റെ മുന്‍ ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ രണ്ട് മുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടു. ഒരു മുറിയില്‍ കമ്പിപ്പാരയും മറ്റൊരു മുറിയില്‍ കൊടുവാളും ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കവര്‍ച്ചക്കിടയില്‍ ആരെങ്കിലും എത്തിയാല്‍ അക്രമിക്കാനാണോ കൊടുവാള്‍ കരുതിയിരുന്നതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.