നീലേശ്വരം: കാലവര്‍ഷം ശക്തമായതോടെ യാത്രക്കാരുടെയും വ്യാപാരികളുടെയും ദുരിതത്തിന് കാരണമായിരുന്ന നീലേശ്വരം കോണ്‍വെന്‍റ് ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിനും വലിയ കുഴികള്‍ക്കും താല്‍ക്കാലിക പരിഹാരം കാണാന്‍ നഗരസഭ രംഗത്തെത്തി. റോഡിലെ കുഴികള്‍ മെറ്റലും മറ്റ് സാമഗ്രികളും ഉപയോഗിച്ച് നികത്തി റോഡ് റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചു.
കോണ്‍വെന്‍റ് ജംഗ്ഷനിലെ ദയനീയാവസ്ഥയെക്കുറിച്ച് ജന്മദേശം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ സ്ഥലം സന്ദര്‍ശിച്ച് യാത്രക്കാരുടെയും വ്യാപാരികളുടെയും ദുരിതം നേരില്‍ വിലയിരുത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു അടിയന്തര നടപടിയും ഉണ്ടായില്ല. നീലേശ്വരം-ഇടത്തോട് റോഡിന്‍റെ നവീകരണ പ്രവൃത്തികള്‍ അനിശ്ചിതമായി നീളുന്നതിനാല്‍ സ്ഥിരം അറ്റകുറ്റപ്പണികള്‍ നടത്താനാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ കോണ്‍വെന്‍റ് കവലയില്‍ വലിയ വെള്ളക്കെട്ടുകളും അപകടകരമായ കുഴികളും രൂപപ്പെട്ടിട്ടും വകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണ് നഗരസഭ സ്വന്തം നിലയില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമിട്ടത്.
അതേസമയം, നീലേശ്വരംڊഇടത്തോട് റോഡ് വികസനത്തിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നിലവിലെ റോഡിന്‍റെ ജീര്‍ണ്ണാവസ്ഥ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാത്തത് ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും സ്ഥിരമായ പരിഹാരം എത്രയും വേഗം നടപ്പാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ താല്‍ക്കാലിക കുഴിയടക്കലിന്‍റെ പ്രയോജനം എത്ര നാളേക്ക് ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.