40 വര്‍ഷത്തിനുശേഷം അച്ഛനെ മക്കള്‍ക്ക് തിരിച്ചുകിട്ടി

മലപ്പച്ചേരി: നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ 40 വര്‍ഷങ്ങള്‍ക്കുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടി. മടിക്കൈ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് അധികൃതരുടെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിന്‍ കുടുംബവുമായി വീണ്ടും ഒന്നിച്ചത്. 16 വര്‍ഷം മുമ്പാണ് ലീന്‍ അഗസ്റ്റിന്‍ മലപ്പച്ചേരിയിലെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തുന്നത്. ഇതുവരെ സ്ഥാപനത്തിലെ അന്തേവാസിയായി കഴിയുകയായിരുന്നു. അച്ഛനെ കാണാതായതിനെ തുടര്‍ന്ന് മക്കള്‍ വര്‍ഷങ്ങളോളം പല സ്ഥലങ്ങളിലും അന്വേഷിച്ചു. എന്നാല്‍ യാതൊരു വിവരവും ലഭിച്ചില്ല. ഏറെക്കാലം കഴിഞ്ഞതോടെ അച്ഛന്‍ മരണപ്പെട്ടിരിക്കാമെന്ന ധാരണയിലായിരുന്നു കുടുംബം. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിനാണ് ഈ വേര്‍പാട് ഏറെ വേദനാജനകമായത്. ലീന്‍ അഗസ്റ്റിന്‍ മലപ്പച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതോടെ മക്കള്‍ സ്ഥാപനത്തിലെത്തുകയും പിതാവിനെ നേരില്‍ കാണുകയും ചെയ്തു. ഏറെ വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. അച്ഛനെ മക്കള്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ 20 വര്‍ഷത്തോളമായി ആരോരുമില്ലാത്തവര്‍ക്കും കുടുംബത്തില്‍ നിന്ന് അകന്നുപോയവര്‍ക്കും സംരക്ഷണവും അഭയവും നല്‍കിവരുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. നിലവില്‍ 120 പേര്‍ക്ക് സ്ഥാപനം അഭയവും പരിചരണവും ചികിത്സയും നല്‍കിവരുന്നു. സുമനസ്സുകളായ വ്യക്തികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.