പെരിയ: ഇന്നലെ രാത്രി അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയെ തുടര്‍ന്ന് പെരിയ ബസാര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളപൊക്കം. പതിനഞ്ചു മിനിറ്റുനേരം പെയ്ത വേനല്‍ മഴയില്‍ തന്നെ സ്ഥിതി ഇങ്ങിനെയാണെങ്കില്‍ കാലവര്‍ഷത്തോടെ സ്ഥിതി എന്തായിരിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള മഴ വെള്ളം ഓടവഴിയും റോഡുവഴിയും ഒഴുകി എത്തുന്ന സ്ഥലമാണ് പെരിയ ബസാര്‍ ദേശീയപാതയിലെ അടിപ്പാതയും പരിസരവും. ഇവിടെ നിന്നു വെള്ളം ഒഴുകിപോകാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ വെള്ളം അടിപ്പാതയിലും ഇരുഭാഗത്തെയും സര്‍വ്വീസ് റോഡിലും കെട്ടി കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളായ ചിലരെത്തി ചാലു കീറിയതോടെയാണ് വെള്ളക്കെട്ടിനു നേരിയ തോതില്‍ ശമനം ഉണ്ടായത്. എങ്കിലും വെള്ളക്കെട്ട് കടന്നാണ് ഇന്ന് രാവിലെ വാഹനങ്ങളും കാല്‍ നടയാത്രക്കാരും പെരിയ ബസാര്‍ വഴി കടന്നു പോകുന്നത്. മഴക്കാലത്തോടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വേനല്‍മഴയില്‍ പെരിയ ബസാര്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്