കാഞ്ഞങ്ങാട്: ഓട്ടോ റിക്ഷാ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ചെമ്മട്ടംവയല്‍ അടമ്പിലെ മോഹനന്‍ എന്ന നിട്ടൂര്‍ പ്രകാശനാണ് (50) മരിച്ചത്. രാവിലെയും വൈകീട്ടും സ്കൂള്‍ കുട്ടികളെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്ന പ്രകാശന്‍ കുട്ടികളെയെല്ലാം വീട്ടില്‍വിട്ടശേഷം മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാവുങ്കാലിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രകാശനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഇതേതുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. കാഞ്ഞങ്ങാട്ടും ചെമ്മട്ടംവയലിലും ഹോസ്ദുര്‍ഗിലും പ്രകാശന്‍ റിക്ഷവെക്കാറുണ്ട്. പരേതരായ പാറക്കണ്ടത്തില്‍ തമ്പാന്‍ പൊതുവാളുടേയും നിട്ടൂര്‍ കുഞ്ഞിപ്പെണ്ണ് അമ്മയുടേയും മകനാണ്. ഭാര്യ: സതീദേവി. മക്കള്‍: മഞ്ജിമ മോഹന്‍, ദേവാഞ്ജന(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഗംഗാധരന്‍, ദാക്ഷായണി, ശോഭ, മുരളി, ശ്രീജ.
പ്രകാശന്‍റെ മരണത്തോടെ ഒരുകുടുംബത്തിന്‍റെ അത്താണിയാണ് നഷ്ടപ്പെട്ടത്. ഭാര്യ വീട്ടമ്മയാണ്. വീടുകഴിയുന്നതും മക്കളെ പഠിപ്പിക്കുന്നതും ഓട്ടോറിക്ഷ ഓടിച്ചുള്ള പ്രകാശന്‍റെ വരുമാനംകൊണ്ടാണ്. ഒന്നരമാസം മുമ്പാണ് പുതിയ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയത്. എല്ലാദിവസവും രാവിലെ നാല് കിലോമീറ്ററെങ്കിലും സവാരി നടത്തുന്ന പതിവുണ്ട്. ഇതുകൂടാതെ കുളത്തില്‍ നീന്തുകയും ചെയ്യും. ഇത്രയും വ്യായാമം ചെയ്തിട്ടും ഹൃദയാഘാതം മൂലം മരണപ്പെടുകയാണുണ്ടായത്.