കോണ്‍ഗ്രസിലെ ചേരിപ്പോര്; കള്ളപണ ഇടപാടുകള്‍ പുറത്തേക്ക്

കാഞ്ഞങ്ങാട്: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും വിഴുപ്പലക്കലും സ്വയം കുരുക്ക് തീര്‍ക്കലെന്ന് പൊതുവെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കോടികളുടെ ഫണ്ട് ലഭിച്ചു. 15 കോടി വരെ ലഭിച്ച സ്ഥാനാര്‍ത്ഥികളുണ്ടത്രെ. ഇതുകൂടാതെ ചവിട്ടിപ്പിരിച്ചത് വേറെയും. ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച ഫണ്ടിന്‍റെ ഏകദേശരൂപം അതാത് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളുടെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതും പിരിച്ചതുമായ പണത്തിന്‍റെ കണക്ക് ചില കോണ്‍ഗ്രസുകാര്‍ പുറത്തുവിട്ടുതുടങ്ങി. എഐസിസി ഫണ്ട്, പ്രതിപക്ഷ നേതാവിന്‍റെ വകയായുള്ള ഫണ്ട്, രമേശ് ചെന്നിത്തലയുടെ വകയായുള്ള ഫണ്ട്, കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള ഫണ്ട് എന്നിങ്ങനെയായിരുന്നു പണത്തിന്‍റെ വരവ്. ഇവയെല്ലാം കള്ളപ്പണമാണെന്നുള്ളതാണ് വസ്തുത. ചില സ്ഥാനാര്‍ത്ഥികള്‍ പിശുക്കി പിശുക്കിയാണ് പണം ചിലവഴിച്ചത്. അവരുടെ പക്കലും വിശ്വസ്തരുടെ പക്കലുമായി ഇനിയും കോടികള്‍ അവശേഷിക്കുന്നതായാണ് സൂചന. ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച പണത്തിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്നുതന്നെ ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. എവിടെനിന്നെല്ലാം പണം ലഭിച്ചുവെന്ന് വിവരം നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസുകാരുടെ 'പാര' എന്‍ഐഎ പോലെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലേക്ക് നീങ്ങാനുള്ള സാധ്യത തെളിയുകയാണ്.

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ച പണത്തിന്‍റെ കണക്ക് അടക്കമുള്ളവയും കോണ്‍ഗ്രസുകാര്‍ പുറത്തുവിടാന്‍ തയ്യാറായിട്ടുണ്ട്. ഉണ്ണിത്താന്‍റെ ഏറ്റവും വിശ്വസ്തരായി കൊല്ലത്തുനിന്നും വന്ന് ക്യാമ്പ് ചെയ്തവരുടെ വീടും ബന്ധുക്കളുടെ വീടും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കണമെന്നും കോണ്‍ഗ്രസുകാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള സ്ഫോടനാത്കമായ സ്ഥിതിവിശേഷം തണുപ്പിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങി. ഇക്കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചാണ് നീങ്ങുന്നത്. ഇതിനിടയില്‍ കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണനും രാജ്മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള പോരാട്ടം ഇന്നും തുടരുകയാണ്. ഇരുവരും തമ്മില്‍ രൂക്ഷമായ തരത്തില്‍ പോര്‍വിളികളും വെല്ലുവിളികളും നടത്തി. ഇതോടെ ഉണ്ണിത്താനോട് അതൃപ്തിയുള്ള കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ നൂറുകണക്കിന് നേതാക്കള്‍ ബാലകൃഷ്ണന്‍ പെരിയക്ക് പിന്തുണപ്രഖ്യാപിച്ചു. ജയിച്ചാല്‍ എംപി, തോറ്റാല്‍ മന്ത്രി എന്ന ഉണ്ണിത്താന്‍റെ സ്വപ്നങ്ങള്‍ക്ക് ഇത് കരിനിഴല്‍ വീഴ്ത്തുമെന്ന് ഉറപ്പാണ്.

കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ പരാജയപ്പെട്ടാല്‍ കെ.സി.വേണുഗോപാലിന്‍റെ സ്വാധീനം ഉപയോഗപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ സീറ്റ് വാങ്ങാമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അഭ്യന്തരമന്ത്രിയാവാമെന്നുമാണത്രെ ഉണ്ണിത്താന്‍റെ സ്വപ്നങ്ങള്‍. കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദമാണ് കോണ്‍ഗ്രസിലെ ഏറ്റവും ഒടുവിലുണ്ടായ വിഴുപ്പലക്കലിന്‍റെ പ്രധാനകാരണം. വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ എത്ര ഉന്നതനായാലും അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് ഉണ്ണിത്താന്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.