രാഷ്ട്രീയക്കാരുടെ തമ്മിലടി: നീലേശ്വരത്ത് ആകാശപാതയില്ല

നീലേശ്വരം : രാഷ്ട്രീയക്കാരുടെ തമ്മിലടിയും ചേരിതിരിവും മൂലം നിലേശ്വരത്തിന് നഷ്ടമാകുന്നത് നഗരത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകേകുമായിരുന്ന ആകാശപാത.

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിന്‍റെ ഭാഗമായി നഗരത്തെ രണ്ടായി മുറിക്കാതിരിക്കാന്‍ നീലേശ്വരം മാര്‍ക്കറ്റില്‍ ആകാശപാത വേണമെന്ന് എല്ലാ കോണുകളില്‍ നിന്നും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എല്ലാ കക്ഷികളും പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി വേവ്വേറെ നിവേദനങ്ങളും മറ്റും നല്‍കിയിരുന്നു. ആകാശപാതയ്ക്ക് അനുമതി ലഭിച്ചതായും ഇവര്‍ ജനങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഹൈവേ നിര്‍മ്മാണം പുരോഗമിക്കുമ്പോഴും ആകാശപാതയുടെ ഫയല്‍ ചുവപ്പ് നാടയില്‍ കുടങ്ങിയിരിക്കുകയാണ് ഇപ്പോഴും. ആകാശ പാത നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിഗണനയില്‍ ഇല്ലാത്തതിനാല്‍ നഗരത്തെ രണ്ടായി കീറി മുറിക്കുന്ന എംബാങ്ക്ഡ് ബ്രിഡ്ജ് നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുകയാണ്. ഇങ്ങനെ വന്നാല്‍ നഗരം പൂര്‍ണ്ണമായും ഒറ്റപ്പെടും. എംബാങ്ക്ഡ് ബ്രിഡ്ജ് വരുന്നതോടെ മാര്‍ക്കറ്റില്‍ നിന്നും ബസ്സ്റ്റാന്‍റിലെക്കുള്ള നിലവിലെ റോഡ് പൂര്‍ണ്ണമായും അടയും. നഗരത്തില്‍ പ്രവേശിക്കണമെങ്കില്‍ നീലേശ്വരം പോലീസ് സ്റ്റേഷന് മൂന്നില്‍ തെരുവ് റോഡ് ജംഗ്ഷനില്‍ പണി പുരോഗമിക്കുന്ന അടിപാതയിലൂടെ മാത്രമേ പോകുവാന്‍ കഴിയു. ആകാശപാത ഇല്ലാതാകുമ്പോള്‍ തീരദേശവാസികളും ദുരിതത്തിലാകും. തീരദേശത്തെ ടൂറിസം മേഖലകളും പ്രതിസന്ധിയില്‍ ആകും. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ നഗരസഭ അധികൃതര്‍ പങ്കെടുക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന ഒരു വിഭാഗം ആരോപിക്കുന്നു. നാടിന്‍റെ വികസന കാര്യത്തില്‍ പോലും ഒന്നിച്ച് നില്‍ക്കാന്‍ കഴിയാത്ത രാഷ്ട്രീയ കക്ഷികള്‍ നാടിന് തന്നെ ശാപമാണെന്ന് നട്ടുകാര്‍ ഒന്നടങ്കം പറയുന്നു. മുഖ്യധാരയില്‍ തുടങ്ങി ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ പ്രശ്നത്തില്‍ വെവ്വേറെ നിവേദനങ്ങളും മറ്റും നല്‍കിയിരുന്നു. പക്ഷെ ഒന്നും നടക്കാത്ത സ്ഥിതിയാണ് കാണുന്നത്. സാംസ്കാരിക നഗരമെന്ന ഖ്യാതിയുള്ള നീലേശ്വരത്തെ രാഷ്ട്രീയ ചേരിതിരിവും വല്യേട്ടന്‍ മനോഭാവവുമാണ് നിലവിലെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടയിലും എംബാങ്ക്ഡ് ബ്രിഡ്ജ് നിര്‍മ്മാണം പുരോഗമിക്കുന്നു.