നീലേശ്വരം: മൂന്നാംകുറ്റിയിലെ ബീവറേജസ് ഔട്ട്ലെറ്റിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതി സനീഷ് ജോര്‍ജിനെ ഇന്ന് ഉച്ചയോടെ ബീവറേജസ് ഔട്ട്ലെറ്റില്‍ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വിദ്യാനഗര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ റിമാന്‍റില്‍ കഴിയുകയായിരുന്ന പ്രതിയെ നീലേശ്വരം എസ് ഐ എം.വി.വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 25 നാണ് മൂന്നാംകുറ്റി ബീവറേജസ് ഔട്ട്ലെറ്റില്‍ കവര്‍ച്ച നടന്നത്. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ പെരിങ്ങത്തൂര്‍ പടന്നക്കര കര്യാട് താമസിക്കുന്ന സനീഷ് ജോര്‍ജിനെയാണ് (43) മറ്റൊരു മോഷണ കേസില്‍ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് ബീവറേജ് മോഷണവും സമ്മതിച്ചത്. നീലേശ്വരം എസ് ഐ എം.വി.വിഷ്ണു പ്രസാദിന്‍റെ നേതൃത്വത്തില്‍ സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശ്.കെ.വി, സുമേഷ്.എം.വി എന്നിവരുടെ നേതൃത്വത്തിലാണ് ബീവറേജസ് മോഷണ കേസ് അന്വേഷിക്കുന്നത്. പ്രതിക്കെതിരെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ് പ്രതിയെ എളുപ്പം പിടികൂടാന്‍ സഹായിച്ചത്.