കാസര്‍കോട്: വാഹനത്തിന് ഡിജിറ്റല്‍ പിഴ അടയ്ക്കാനുണ്ടെന്ന വ്യാജേന എം. പരിവഹാന്‍റെ പേരില്‍ എസ്.എം.എസ് അയച്ച് പണം തട്ടിയെടുത്തു. ലിങ്കില്‍ ക്ലിക്ക് ചെയ്ത വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. ചെങ്കള സന്തോഷ് നഗറിലെ സി.എ. ഉസ്മാനാണ് (73) പണം നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ബൊലേറോ വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് അറിയിച്ചാണ് മൊബൈലിലേക്ക് എസ്.എം.എസ് എത്തിയത്. സന്ദേശത്തോടൊപ്പം നല്‍കിയ എം. പരിവഹാന്‍റെ വ്യാജ ലിങ്ക് പിന്തുടര്‍ന്നതോടെയാണ് തട്ടിപ്പിനിരയായത്. തുടര്‍ന്ന് കാസര്‍കോട് യൂണിയന്‍ ബാങ്ക് ശാഖയിലെ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍നിന്ന് ആദ്യം 99,000 രൂപയും പിന്നീട് 1,000 രൂപയും പിന്‍വലിക്കപ്പെട്ടു.പരാതിയില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എം. പരിവഹാന്‍ വ്യാജ ലിങ്കിലൂടെ തട്ടിപ്പ്; വാഹന ഉടമയ്ക്ക് ഒരു ലക്ഷം നഷ്ടം