റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാളണിഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം

ചിറ്റാരിക്കാല്‍: മലയോര ഹൈവേയിലെ കാറ്റാംകവല മറ്റപുള്ളി വളവില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനഅപകടത്തിന് കാരണമായ റോഡ് നിര്‍മിതിയിലെ അപാകതയില്‍ പ്രതിഷേധിച്ച് കറുത്ത ഷാള്‍ ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം. ചിറ്റാരിക്കാല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മഹിളാമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്‍റുമായ കെ.എസ്.രമണിയാണ് കഴിഞ്ഞ രണ്ട് ദിവസമായി കറുത്ത ഷാള്‍ ധരിച്ച് പ്രചരണം നടത്തുന്നത്. റോഡ് നിര്‍മ്മാണ ജനകീയ സമിതി വൈസ് ചെയര്‍മാന്‍ കൂടിയാണ് രമണി. മേലധികാരികളെ നേരില്‍കണ്ടും രേഖാമൂലവും പല തവണ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ലത്രെ. 12 മീറ്ററാണ് മലയോര ഹൈവേയുടെ കുറഞ്ഞ വീതി വളവുകളില്‍ ഇതിലധികം വീതി വേണം. എന്നാല്‍ ഇവിടെ ആവശ്യത്തിന് വീതിയില്ലാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. മാത്രവുമല്ല ഇറക്കത്തില്‍ വലത്തോട്ടുള്ള വളവില്‍ മെക്കാഡം ചെയ്ത് അനുപാതികമായി ഇടതുവശം ഉയര്‍ത്താത്തതും അപകടത്തിന് മറ്റൊരു കാരണമാണെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വളവ് അപകട രഹിതമേഖലയെന്ന് കാട്ടിയാണ് എന്‍ജി നിയറിങ് വിഭാഗം റോഡിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇവിടെ കെട്ടിയ ബാരിക്കേഡു പോലും ഒരാളുടെ അരപ്പൊക്കത്തില്‍ പോലുമില്ല. കഴിഞ്ഞ മാസം ഇവിടെ ഒരു ഓട്ടോറിക്ഷ മറിഞ്ഞ് ബാരിക്കേഡ് തകര്‍ന്നിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചത്.

കാറ്റാംകവലയ്ക്കും കുറ്റിത്താന്നിക്കുമിടയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് 10 പേരുടെ ജീവനുകളാണ് സമീപ വര്‍ഷങ്ങളില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത്. ഇത്രധികം അപകടങ്ങളുണ്ടായിട്ടും പരാതികളെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥി കറുത്തഷാള്‍ ധരിച്ച് പ്രചരണം നടത്തുന്നത്.