അടയ്ക്ക മോഷ്ടാവ് പിടിയില്‍

തായന്നൂര്‍: വീട്ടുവരാന്തയില്‍ നിന്നും നാലു ചാക്ക് ഉണങ്ങിയ അടയ്ക്ക മോഷ്ടിച്ച് സ്കൂട്ടിയില്‍ കടത്തുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മടിക്കൈ, ബെള്ളച്ചേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രി 12.45 മണിയോടെയാണ് സംഭവം. തായന്നൂര്‍ ആനക്കുഴിയിലെ വര്‍ഗ്ഗീസിന്‍റെ വീട്ടുവരാന്തയില്‍ നിന്നുമാണ് ഇയാള്‍ നാലുചാക്ക് അടയ്ക്ക മോഷ്ടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് നോക്കിയപ്പോള്‍ വരാന്തയില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക ചാക്കുകള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരെയും മറ്റും ഫോണില്‍ വിവരം അറിയിച്ചു. ഇവര്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ സ്കൂട്ടറും അടയ്ക്കാ ചാക്കുകളുമായി റോഡരുകില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.