നീലേശ്വരം: സുരക്ഷിതമായ നടപ്പാത മലിനജലവും അടിക്കാടും കയറിയതോടെ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് ആളുകള്‍ ദിവസവും റെയില്‍പാളത്തിലൂടെ യാത്ര നടത്തുന്നത് ജീവന് പണയപ്പെടുത്തി. നീലേശ്വരം മേല്‍പ്പാലത്തിന്റെ താഴെ മുതല്‍ മന്നന്പുറത്തുകാവിന്റെ കിഴക്കേ കമാനത്തിന് മുന്നിലൂടെ കടന്നുപോകുന്ന നടപ്പാതയാണ് മാസങ്ങളായി സഞ്ചാരയോഗ്യമല്ലാതായത്. കിഴക്കന്‍ കൊഴുവല്‍, കരിഞ്ചാത്തംവയല്‍, കൊഴുന്തില്‍, മൂലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നാട്ടുകാരും പടിഞ്ഞാറ്റം കൊഴുവലിലേക്കും തിരിച്ചും എത്താന്‍ ആശ്രയിച്ചിരുന്ന എളുപ്പവഴി ഉപയോഗിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതേ തുടര്‍ന്ന് മറ്റൊരു മാര്‍ഗമില്ലാതെ റെയില്‍പാളത്തിലൂടെയാണ് പലരും സഞ്ചരിക്കുന്നത്. റെയില്‍വേ ലൈന്‍ ഇരട്ടിപ്പിച്ചതിന് ശേഷം നിരവധി അപകടങ്ങള്‍ നടന്ന മേഖലയായതിനാല്‍ ആശങ്കയും വര്‍ദ്ധിച്ചിരിക്കുകയാണ്.
നടപ്പാതയിലും പരിസരത്തും മലിനജലം കെട്ടിക്കിടക്കുന്നതും അടിക്കാട് നിറഞ്ഞതും യാത്ര ദുഷ്കരമാക്കുന്നു. റെയില്‍വേ സ്ലീപ്പറുകള്‍ വഴിയില്‍ കൂട്ടിയിട്ടിരിക്കുന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് മന്നന്പുറത്തുകാവിന്റെ കമാനത്തിന് മുന്‍വശത്ത് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ഈ വെള്ളം വയലിലേക്ക് ഒഴുക്കിവിടുന്നതിനായി ഓവുചാല്‍ നിര്‍മ്മിക്കണമെന്നും സുരക്ഷിതമായ കോണ്‍ക്രീറ്റ് നടപ്പാത ഒരുക്കണമെന്നും പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികൃതരോട് അടിയന്തരമായി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയായ സാഹചര്യം ഒഴിവാക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.