കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബസിനുള്ളില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കെ.എല്‍ 15 -6345 രജിസ്ട്രേഷന് നമ്പറിലുള്ള പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകീട്ടോടെ കാഞ്ഞങ്ങാട് സൗത്ത് ഭാഗത്ത് എത്തിയപ്പോഴായിരുന്നു ബസിന്റെ പിന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചത്. ടയര്‍ പൊട്ടലിന്റെ ആഘാതത്തില്‍ ബസിനകത്തെ പ്ലാറ്റ്ഫോമിന്റെ ഭാഗം തകരുകയും, പിന്നിലെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കാല് സീറ്റിനടിയില്‍ കുടുങ്ങുകയുമായിരുന്നു. അപകടത്തില്‍ നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിലെ ടി.കെ.എം. ജാഫറിന്റെ ഭാര്യ എം.കെ. കുഞ്ഞായിശയ്ക്ക് (39) ഗുരുതരമായി പരിക്കേറ്റു. കാലിലെ എല്ല് പൊട്ടിയ നിലയിലാണ് യുവതിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവസമയത്ത് ബസില്‍ ഏകദേശം 70ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടയര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ബസിനുള്ളില്‍ വലിയ ശബ്ദമുണ്ടായതായും യാത്രക്കാര്‍ പരിഭ്രാന്തരായതായും അവര്‍ വ്യക്തമാക്കി. ബസിന്റെ സാങ്കേതിക തകരാറുകളും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വാഹന പരിപാലനത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
ബസിന്റെ ടയര്‍ പൊട്ടി പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്