പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയുടെ 'മാന്‍'മിനിയേച്ചര്‍ വിസ്മയമാകുന്നു

കരിന്തളം: ഒഴിവുസമയങ്ങളിലും മറ്റും മൊബൈല്‍ ഫോണിന് പിന്നാലെ പോകുന്ന പുതുതലമുറയ്ക്ക് മാതൃകയായി പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയുടെ വേറിട്ട ക്രാഫ്റ്റ് വിപ്ലവം. ചെമ്പംകുന്നിലെ കെ.വി രാജീവന്‍-വി.സിന്ധു ദമ്പതികളുടെ മകന്‍ പ്രജുല്‍രാജ് എന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയാണ് പി വി സി പൈപ്പും മറ്റ് പുനരുപയോഗ സാധനങ്ങളും ഉപയോഗിച്ച് അതിമനോഹരമായ മാന്‍വണ്ടി (മിനിയേച്ചര്‍ മോഡല്‍) നിര്‍മ്മിച്ച് നാട്ടുകാരുടെയും അധ്യാപകരുടെയും കയ്യടി നേടുന്നത്. പഴയകാല ഗ്രാമീണ തനിമ വിളിച്ചോതുന്ന രീതിയിലാണ് ഈ മിനിയേച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വണ്ടിയുടെ ചക്രങ്ങള്‍, ബോഡി, മാന്‍ രൂപങ്ങള്‍, ലൈറ്റ് എന്നിവയെല്ലാം വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയും കുട്ടി കലാകാരന്‍ ചെയ്തെടുത്തിട്ടുണ്ട്.

വണ്ടിയുടെ ചെയ്സ് ഇരുമ്പ് റാഡ്, ബോഡി പി വി സി പൈപ്പ്, ഗ്ലാസ് പ്ലാസ്റ്റ്ക്ക് ബോട്ടില്‍, ബംബര്‍ പഴയ ബെല്‍ട്ട്, ടയര്‍ പഴയ ട്യൂബ്, സ്പോഞ്ച്, കുട കമ്പി, ബോഡി ഉയര്‍ത്തുന്നതിന് പഴയ റേഡിയോയുടെ ആന്‍റിന, ഫ്ളക്സിക്യൂക്ക്, എല്‍ഇഡി ബള്‍ബ് ബാറ്ററി, അക്രിലിക് നിറങ്ങള്‍ എന്നിവയാണ് നിര്‍മ്മാണത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 50 സെ. മിനീളവും 13 സെ.മീവീതിയും 18 സെ.മി ഉയരവും ഉണ്ട്. 8 ടയറുകളുള്ള മാന്‍ മിനിയേച്ചര്‍ ടിപ്പറിന് ലൈറ്റുകളുമുണ്ട്. ബോഡി ഉയര്‍ത്തുവാനും ബാക്ക് ഭാഗം തുറക്കുവാനും കഴിയും.

ചെറുപ്പം മുതലേ ചിത്രരചനയിലും ക്രാഫ്റ്റ് നിര്‍മ്മാണത്തിലും താല്പര്യമുണ്ടായിരുന്ന പ്രജുല്‍ വിനോദത്തിനായിട്ടാണ് മിനിയേച്ചര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത്. ഇതിന് മുമ്പും വിവിധ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് മുമ്പ് നിര്‍മ്മിച്ച റിമോട്ടില്‍ വെള്ളത്തിലോടുന്ന ബോട്ടിന്‍റെ മിനിയേച്ചര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഭാവിയില്‍ ഒരു പ്രദര്‍ശനം ഒരുക്കണമെന്നാണ് ഈ കൊച്ചുമിടുക്കന്‍റെ ആഗ്രഹം. പ്രജുല്‍രാജിന് എല്ലാ പിന്തുണയുമായി മാതാപിതാക്കളും സഹോദരങ്ങളായ പ്ലസ്ടു വിദ്യാര്‍ത്ഥി അതുല്‍ രാജ്, നാലാംതരം വിദ്യാര്‍ത്ഥിനി അര്‍ഷിത രാജും ഒപ്പമുണ്ട്. സഹോദരങ്ങളും ചിത്രകലയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.