സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും രൂക്ഷവിമര്‍ശനം

നീലേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷവിമര്‍ശനം. അതുകൊണ്ടുതന്നെ ഒരുദിവസം നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ കമ്മറ്റി യോഗം രണ്ടുദിവസത്തേക്ക് നീട്ടേണ്ടിവന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. ജില്ലക്കകത്തെ തോല്‍വിയില്‍ ഭൂരിപക്ഷവും നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നാണ് ആരോപിച്ചത്. മണ്ഡലം രൂപീകൃതമായതുമുതല്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ച സുരക്ഷിത മണ്ഡലമായിരുന്ന തൃക്കരിപ്പൂരില്‍ ഉണ്ടായ തോല്‍വി പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്ന് ചിലര്‍ ആരോപിച്ചു.

സ്ഥാനാര്‍ഥി വിപിപി മുസ്തഫ പരാജയപ്പെടാന്‍ കാരണം നേതൃത്വത്തിന്‍റെ ദൗര്‍ബല്യമാണെന്ന് ജില്ലാകമ്മറ്റി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആരോപിച്ചു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പോലും ദുര്‍ബലമായിരുന്നു എന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു അംഗം പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണമെന്നും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ലെന്നുമുള്ള ജില്ലാ സെക്രട്ടറിയുടെ വിശദീകരണത്തെ സെക്രട്ടറിയേറ്റങ്ങള്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഉണ്ടായ വോട്ട് ചോര്‍ച്ചയുടെ കണക്കുകള്‍ നിരത്തിയാണ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. അതേസമയം ചെറുവത്തൂരിലുള്ള ഒരു യുവജന നേതാവ് മുസ്തഫ പരാജയപ്പെടുമെന്ന് വോട്ടെടുപ്പിന് ശേഷം പരസ്യമായി പറഞ്ഞതായും ചില യുവജന നേതാക്കള്‍ ബോധപൂര്‍വ്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായുമുള്ള അതിവ ഗുരുതരമായ ആരോപണവും സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായി. മുസ്തഫ യോഗത്തില്‍ പൊട്ടിതെറിച്ചതായാണ് വിവരം. അതേസമയം ജില്ലാ കമ്മറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തേയും ജില്ലാ നേതൃത്വത്തേയും ഒരുപോലെ കടന്നാക്രമിച്ചു. പാര്‍ട്ടി പരിപാടികളിലും തിരഞ്ഞെടുപ്പ് റാലികളിലും വന്‍ ജനകൂട്ടം ഉണ്ടായിട്ടും തോല്‍വിക്ക് കാരണം നേതാക്കളുടെ പെരുമാറ്റരീതികളാണെന്ന പതിവ് ആരോപണങ്ങളും ഉണ്ടായി. ബേക്കല്‍ ഫെസ്റ്റുമായുണ്ടായ ആരോപണങ്ങള്‍ ഉദുമയിലെ തോല്‍വിയുടെ പ്രധാനകാരണങ്ങളില്‍ ഒന്നാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കെ.പി.സതീഷ്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ നിലയില്‍ തുടര്‍ന്നുപോയാല്‍ പാര്‍ട്ടിയുടെ നാശമാണ് ഉണ്ടാകുകയെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര കമ്മിറ്റി എം വി ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു തുടങ്ങിയവകുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ജില്ലാ കമ്മറ്റി യോഗത്തിന് പിന്നാലെ ഏരിയാകമ്മറ്റി യോഗങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തൃക്കരിപ്പൂരില്‍ നടന്ന ഏരിയാകമ്മറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉണ്ടായി. കെട്ടിയിറക്കപ്പെട്ട അമുല്‍ബേബിയാണ് രാഗേഷെന്നുപോലും ചിലര്‍ ആരോപണം ഉന്നയിച്ചു. സിപിഎം നീലേശ്വരം ഏരിയാകമ്മറ്റി യോഗം ഇന്ന് നടക്കുകയാണ്. നീലേശ്വരം നഗരസഭയില്‍ വന്‍ വോട്ട് ചോര്‍ച്ചയാണ് ഇടതുമുന്നണിക്കുണ്ടായിട്ടുള്ളത്. രണ്ടായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 22 വോട്ടിന്‍റെ ഭൂരിപക്ഷമാണുണ്ടായത്. ഇതൊക്കെ യോഗത്തില്‍ ചര്‍ച്ചയായേക്കും.