മീശത്തോട്ടിലെ കള്‍വര്‍ട്ട് കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയില്‍

ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ 13, 15 വാര്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ആറളം മീശ തോടിന് കുറുകെയുള്ള കള്‍വര്‍ട്ട് കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായി. അതുകൊണ്ടുതന്നെ ഇതിലൂടെ കടന്നുപോകാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കള്‍വര്‍ട്ടിന്‍റെ അടിഭാഗം സിമന്‍റുകള്‍ അടര്‍ന്നു വീണ് കമ്പികള്‍ തുരുമ്പിച്ച് കിടക്കുകയാണ്. അതിനാല്‍ ഈ കള്‍വര്‍ട്ട് ഏത് നിമിഷവും തകര്‍ന്നേക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്കുള്ളത്. തകര്‍ന്നുവീഴാറായ കള്‍വര്‍ട്ട് ഉടനെ പൊളിച്ചു മാറ്റി വി സി ബി കംബ്രിഡ്ജ് പണിയണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ബഷീര്‍ ആറിലകണ്ടം നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പഞ്ചായത്ത് ഭരണസമിതി യോഗം ചര്‍ച്ചചെയ്തു. കള്‍വെര്‍ട്ട് പൊളിച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയ ഭരണ സമിതി യോഗം വി സി ബി കംബ്രിഡ്ജ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് ഫണ്ടില്ലാത്തതിനാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. വി സി ബി കംബ്രിഡ്ജ് നിര്‍മ്മിച്ചാല്‍ ഈ ഭാഗത്തെ ജനങ്ങള്‍ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയും. മാത്രവുമല്ല കൃഷിയുടെ ആവശ്യത്തിനായി ജലസേചനത്തിനും ഉപകരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.