നഗരത്തിലെ തണല്‍മരം മുറിച്ചുമാറ്റിക്കാന്‍ അണിയറയില്‍ നീക്കം

കാഞ്ഞങ്ങാട്: നഗരവികസനത്തിനും റോഡ് നവീകരണത്തിനുമായി കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍വിരിച്ച മരങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ മുറിച്ചുമാറ്റി. അവശേഷിച്ച തണല്‍മരവും മുറിച്ചുമാറ്റാന്‍ അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങി. കാഞ്ഞങ്ങാട് മെയിന്‍ റോഡില്‍ കണ്ണന്‍സ് ടെക്സറ്റൈല്‍സിനും പഴയ സ്റ്റേറ്റ് ബാങ്കിനും എതിര്‍വശത്ത് നില്‍ക്കുന്ന കൂറ്റന്‍തണല്‍മരം മുറിക്കണമെന്നാവശ്യപ്പെട്ട് ചില കുത്സിതബുദ്ധികള്‍ ഒപ്പുശേഖരണം തുടങ്ങിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെ പകിട്ടും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യം. കെട്ടിടത്തിന്‍റെ മറവ് ഒഴിവാക്കാന്‍ മറ്റ് ചിലരെ ഒപ്പുശേഖരിക്കാനും നഗരസഭയ്ക്കും വനംവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും റവന്യൂവകുപ്പിനും പരാതി നല്‍കാനും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കാര്യം സാധിച്ചുകിട്ടിയാല്‍ പ്രതിഫലമായി ഒരുതുക നല്‍കാമെന്നും വാഗ്ദാനം നല്‍കിയതായി സൂചനയുണ്ട്. എന്നാല്‍ ഈ സംഭവങ്ങളൊന്നും പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതിസ്നേഹികളും അറിഞ്ഞമട്ടില്ല. മരത്തിന് കോടാലി വെക്കുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കാനാവും പ്രകൃതിസ്നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും കാത്തിരിക്കുന്നതെന്ന് അസൂയാലുക്കള്‍ ആരോപിക്കുന്നു.