ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കെതിരെ കൊല്ലത്തും ആദൂരിലും ബേക്കലിലും പരാതി

വെള്ളരിക്കുണ്ട്: പുതിയതായി തുടങ്ങുന്ന കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയതും ഉല്‍പ്പന്നത്തിന്‍റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാ നം ചെയ്തും പണം വാങ്ങിവഞ്ചിച്ചതായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ പ്രവാഹം. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പാലാവയല്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനകപ്പള്ളി കൊച്ചുമറ്റത്തില്‍ വീട്ടില്‍ ഷോബി ഫിലിപ്പിനെതിരെയാണ് കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ എത്തുന്നത്. ആലുവ എഫ്എഎം ഫാദേഴ്സ് ആശ്രമത്തിലെ സുപ്പീരിയര്‍ ജനറല്‍ ഫാ.ഡോ.ഷിന്‍റോ ചാലില്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഷോബി ഫിലിപ്പിനെതിരെ പരാതി നല്‍കിയവിവരം ജന്മദേശം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പണം നഷ്ടപ്പെട്ട പലരും പരാതികളുമായി പോലീസ് സ്റ്റേഷനുകളെ സമീപിച്ചുതുടങ്ങിയത്. കമ്പനി ഉല്‍പ്പന്നത്തിന്‍റെ വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ ആദൂരിലെ പ്രശോഭില്‍ നിന്നും 3,60,000 രൂപ വാങ്ങിയതായി പ്രശോഭ് ആദൂര്‍ പോലീസില്‍ പരാതി നല്‍കി. പള്ളിക്കര പാക്കത്തെ നാരായണനില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയതായി നാരായണന്‍ ബേക്കല്‍ പോലീസില്‍ ഇന്ന് രാവിലെ പരാതി നല്‍കി. കമ്പനി ഡയറക്ടര്‍ സ്ഥാനം വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശി സജി ജോണില്‍ നിന്നും 80,000 രൂപ ഒരു കൊല്ലം മുമ്പ് വാങ്ങി വഞ്ചിച്ചതായി സജി ജോണ്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. സജിയുടെ ഭാര്യ ചിറ്റാരിക്കാല്‍ സ്വദേശിനിയാണ്. കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനില്‍ കരുനാഗപ്പള്ളി ലീലാ കൃഷ്ണന്‍റെ മകന്‍ യദുകൃഷ്ണ, അക്ഷര ഷാജി, ശൂരനാട് കുഴിവിളയില്‍ ദേവരാജന്‍റെ മകന്‍ ദീപു തുടങ്ങിയവരും ഷോബി പണം വാങ്ങി വഞ്ചിച്ചതായി പോലീസില്‍ പരാതി നല്‍കി. ഇവര്‍ പരാതിയുടെ കോപ്പിയും പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയ റസീപ്റ്റിന്‍റെ കോപ്പിയും ജന്മദേശം ഓഫീസിലേക്ക് അയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എത്തുമെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസ് പിള്ള വിഭാഗത്തിന് നീക്കിവെച്ച ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ഇടതുമുന്നണി ഷോബി ഫിലിപ്പിനാണ് നല്‍കിയത്. സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ പണം നഷ്ടപ്പെട്ട നിരവധി പേര്‍ സിപിഎം ലോക്കല്‍, ഏരിയാ നേതൃത്വവുമായി ബന്ധപ്പെട്ടുവെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞശേഷം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നേതൃത്വം പരാതിക്കാരെ ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് പോലീസ് സ്റ്റേഷനുകളില്‍ പരാതിയെത്തിതുടങ്ങിയത്.