ആദ്യ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കൗണ്‍സിലര്‍ ഷീബ രമേശന്‍

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ആദ്യ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നിലവിലെ കൗണ്‍സിലര്‍ ഷീബ രമേശന്‍. കോണ്‍ഗ്രസിന്‍റെ കുത്തക വാര്‍ഡായ മൂന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 46 വോട്ടിനാണ് കഴിഞ്ഞതവണ ഷീബ വിജയിച്ചത്. യുഡിഎഫിലെ സരിത എല്‍ഡിഎഫിലെ രേഖ ബിജെപിയിലെ സിന്ധു എന്നിവരെ തോല്‍പ്പിച്ചാണ് ഷീബ അട്ടിമറി വിജയം നേടിയത്. ഈ നഗരസഭ കൗണ്‍സിലില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കൗണ്‍സിലര്‍ക്കുള്ള പുരസ്കാരവും ഷീബക്ക് ലഭിച്ചിരുന്നു. കൊഴുന്തിലിലെ കടുത്ത കോണ്‍ഗ്രസ് കുടുംബാംഗമാണ് ഷീബ. നീലേശ്വരം പഴയ ബസ് സ്റ്റാന്‍ഡിലെ ചുവരുകളില്‍ ഏകാംങ്ക പ്രതികരണവേദി എന്ന പേരില്‍ അഴിമതിക്കും അനീതികള്‍ക്കും എതിരെ പടവാളായി പ്രവര്‍ത്തിച്ച് പോസ്റ്റര്‍ ഒട്ടിച്ച് പ്രതികരിച്ച ലോട്ടറി സ്റ്റാള്‍ നടത്തിയിരുന്ന രത്നാകരന്‍ കൊഴുന്തിലിന്‍റെ സഹോദരന്‍റെ ഭാര്യയാണ് ഷീബ. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടത്തിയ ജനകീയ ഇടപെടലുകളിലൂടെ ഇത്തവണയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഷീബ.