നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ നിലവിലുള്ള സീറ്റുമായി ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ ഉറച്ചകോട്ടകളായ കരുവാച്ചേരിയും കൊയാമ്പുറവും നഷ്ടപ്പെട്ടതില്‍ പാര്‍ട്ടി കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി സിപിഎം നീലേശ്വരം ലോക്കല്‍ കമ്മറ്റി യോഗം ഇന്നലെ ചേര്‍ ന്നു. സംസ്ഥാനകമ്മറ്റി അംഗം കെ.പി.സതീഷ്ചന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് കടുത്ത വീഴ്ചകള്‍ സംഭവിച്ചതായി യോഗം വിലയിരുത്തി. പാര്‍ട്ടിപോലും പ്രതീക്ഷിക്കാതെ വന്‍ അടിയൊഴുക്കുകളാണ് രണ്ട് വാര്‍ഡുകളിലും ഉണ്ടായത്. അതുകൊണ്ടുതന്നെ ലോക്കല്‍ കമ്മറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് യോഗങ്ങള്‍ അടിയന്തിരമായി വിളിച്ചുചേര്‍ക്കാനും അംഗങ്ങളുടെ നിലപാടുകള്‍ അറിയാനും ലോക്കല്‍ കമ്മറ്റി യോഗം തീരുമാനിച്ചു. ബ്രാഞ്ചുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക. ഏതായാലും ബ്രാഞ്ച് യോഗങ്ങള്‍ വിളിച്ചുചേര്‍ത്തശേഷം പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നും അറിയുന്നു. അതിനിടയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് നേതൃത്വത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പാര്‍ട്ടിയില്‍ നിലനിര്‍ത്തരുതെന്നാണ് അതാത് ബ്രാഞ്ചുകളില്‍ നിന്നുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. യുഡിഎഫിന്‍റെ ഉറച്ചവാര്‍ഡുകളായ പാലക്കാട്ടും കിഴക്കന്‍കൊഴുവലിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടിയെങ്കിലും അതിന്‍റെ തിളക്കം കരുവാച്ചേരിയിലേയും കൊയാമ്പുറത്തേയും തോല്‍വി കെടുത്തിക്കളഞ്ഞതായി സിപിഎം നേതൃത്വം വിലയിരുത്തുന്നു.
നീലേശ്വരത്തെ തോല്‍വി സിപിഎമ്മില്‍ നടപടി ഉറപ്പായി