നറുക്കെടുപ്പ് കഴിഞ്ഞ ലോട്ടറി ടിക്കറ്റെടുത്ത് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

കാസര്‍കോട് : ത്രിതല പഞ്ചായത്തുകളിലേക്കുള്ള സീറ്റ് വിഭജനത്തിനും പത്രിക സമര്‍പ്പണത്തിനും ശേഷം കോണ്‍ഗ്രസ് കേരളാകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുമായി കൈകോര്‍ത്തു. ഇതുവരെ സീറ്റുകള്‍ നല്‍കാതെ പുറന്തിരിഞ്ഞ് നിന്നിരുന്ന കോണ്‍ഗ്രസ് തന്ത്രപൂര്‍വ്വം കേരള കോണ്‍ഗ്രസിനെ വരുതിയില്‍കൊണ്ടുവന്നു. ഇതിന്‍റെ സന്തോഷത്തിലാണ് കേരള കോണ്‍ഗ്രസുകാര്‍. യു.ഡി.എഫ് ഘടകകക്ഷി കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റുകള്‍ നിര്‍ണയിക്കുന്നതില്‍ വന്ന അപാകത പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കാസര്‍കോട്ട് എത്തിയപ്പോള്‍ ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം യു.ഡി.എഫ് ചെയര്‍മാന്‍റെയും കണ്‍വീനറുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനും സഹകരിച്ച് മുന്നോട്ടുപോകുന്നതിന് ധാരണയുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് രേഖപ്പെടുത്തുന്നതിന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി,കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ്,വൈസ് പ്രസിഡണ്ട് സ്കറിയാസ് വാടാന, നിയോജകമണ്ഡലം പ്രസിഡണ്ട് സാലു കെ എ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായത്. ചര്‍ച്ചയില്‍ ഉണ്ടായ ധാരണ പ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.