നിര്‍മ്മാണത്തിലുള്ള വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: നിര്‍മ്മാണത്തിലുള്ള വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നുവയസുകാരന്‍ മരിച്ചു. കതിരൂര്‍ പുല്യോട് വെസ്റ്റ് പാട്യം നഗര്‍ മലമ്മല്‍ ഹൗസില്‍ അന്‍ഷിലിന്‍റെയും ഫാത്തിമയുടെയും മകന്‍ മുഹമ്മദ് മര്‍വാന്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അങ്കണവാടിയില്‍ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. രാത്രി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ വീട്ടുകാരും ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിക്കുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ടാങ്ക് സിമന്‍റു തേച്ചതിനു ശേഷം ചോര്‍ച്ച പരിശോധിക്കാന്‍ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.