കാഞ്ഞങ്ങാട്: രണ്ടാംലോക മഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതിന് പരിഹാരം കണ്ടെത്താന്‍ പൂര്‍വ്വികരായ കോണ്‍ഗ്രസുകാര്‍ ആരംഭിച്ച ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ ബാങ്കില്‍ നിന്നും എടുത്ത വായ്പയില്‍ ഒരു രൂപ പോലും തിരിച്ചടച്ചില്ല. 90 ലക്ഷം രൂപയാണ് സൊസൈറ്റി ഇപ്പോഴത്തെ കേരള ബാങ്കില്‍ തിരിച്ചടക്കാനുള്ളത്. കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ ഏതാനും ദിവസം മുമ്പ് കണ്‍സ്യൂമര്‍ സൊസൈറ്റിയിലെത്തി സെക്രട്ടറി വിനോദ് ആവിക്കരയുമായി സംസാരിച്ചു. കണ്‍സ്യൂമര്‍ സൊസൈറ്റിക്ക് കെട്ടിട വാടകയിനത്തില്‍ അരലക്ഷം രൂപ മാസവരുമാനമുണ്ട്. കോട്ടച്ചേരിയിലെ മിനി സ്റ്റോഴ്സില്‍ നിന്നും കടപ്പുറത്തെ റേഷന്‍കടയില്‍ നിന്നും വേറെയും വരുമാനമുണ്ട്. പക്ഷേ കേരള ബാങ്കില്‍ പ്രതിമാസം 1000 രൂപപോലും അടയ്ക്കാന്‍ ഭരണസമിതിക്കോ സെക്രട്ടറിക്കോ കഴിയുന്നില്ല. സൊസൈറ്റിയിലെ വരവ് ചിലവ് കണക്ക് പോലും സെക്രട്ടറി ഭരണസമിതി അംഗങ്ങളെ അറിയിക്കുന്നില്ലെന്നാണ് ആക്ഷേപം. തട്ടുകടപോലെ വരുമാനം പെട്ടിയിലിടുന്നു. വൈകീട്ട് വാരിപോക്കറ്റിലിടുന്നു എന്നതാണ് അവസ്ഥ. കണ്‍സ്യൂമര്‍ സൊസൈറ്റി കോണ്‍ഗ്രസ് ഭരണത്തിലാണെങ്കിലും കേരള ബാങ്ക് എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. അതുകൊണ്ട് സൊസൈറ്റി അടയ്ക്കാനുള്ള 90 ലക്ഷം രൂപയുടെ കാര്യത്തില്‍ കേരള ബാങ്ക് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സൊസൈറ്റിയില്‍ അരക്കോടിയോളം രൂപ ജനങ്ങളുടെ നിക്ഷേപമുണ്ട്. ഇവരില്‍ പലരും സാധാരണക്കാരാണ്. ചിലര്‍ അന്നത്തിനും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുന്നവരാണ്. കേരളാബാങ്ക് കണ്‍സ്യൂമര്‍ സൊസൈറ്റി കെട്ടിടം ജപ്തിചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നിക്ഷേപകരുടെ പണം അവതാളത്തിലാവും. ഏകാംഗജീവനക്കാരനിലാണ് സൊസൈറ്റിയുടെ പൂര്‍ണ്ണനിയന്ത്രണം. രണ്ടുകൊല്ലത്തിനുള്ളില് ഏകാംഗജീവനക്കാരന് വിരമിക്കും. അന്ന് ആര്‍ക്ക് ചുമതല കൈമാറുമെന്ന കാര്യത്തില്‍ നിലവിലുള്ള ഭരണസമിതിക്കും ധാരണയില്ല.
കണ്‍സ്യൂമര്‍ സൊസൈറ്റി വായ്പ തിരിച്ചടച്ചില്ല, ബാധ്യത 90 ലക്ഷം