ജനങ്ങള്‍ക്ക് അപകടഭീഷണിയായി രാജാറോഡിലെ പഴഞ്ചന്‍ കെട്ടിടങ്ങള്‍

നീലേശ്വരം: രാജാറോഡിലെ പഴകി ദ്രവിച്ച കെട്ടിടങ്ങള്‍ ജനങ്ങളുടെ ജീവനു തന്നെ ഭീഷണി ആകുമ്പോഴും ഇതൊന്നും കണ്ട ഭാവം നടിക്കാതെ നഗരസഭ അധികൃതര്‍. പല കെട്ടിടങ്ങളും ഏതു നിമിഷവും നിലം പതിക്കാറയ സ്ഥിതിയിലാണ്. ഇനിയൊരു ദുരന്തം ഉണ്ടായാല്‍ മാത്രമേ നഗരസഭ അധികൃതര്‍ കണ്ണുതുറക്കൂ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നീലേശ്വരം രാജാറോഡ് വികസനം വര്‍ഷങ്ങളായി പ്രഖ്യാപനം മാത്രം നടത്തുകയായിരുന്നു. ഏറ്റവും ഒടുവില്‍ സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം വന്നതോടെ ഏവരും വലിയ പ്രതീക്ഷയിലാണ്. ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ക്കും ഭൂമിക്കും പ്രതിഫലം നല്‍കിയാല്‍ മാത്രമേ ഇവ പൊളിച്ചുമാറ്റാന്‍ കഴിയുകയുള്ളൂ. ഇതിന് കാലതാമസം ഉണ്ടായതാണ് ഇത്തരം കെട്ടിടങ്ങള്‍ അപകടഭീഷണിയായി നഗരമധ്യത്തില്‍ നിലനില്‍ക്കുന്നത്.

മേല്‍ക്കൂരകള്‍ ദ്രവിച്ചും ഓടുകള്‍ എത് സമയത്തും അടര്‍ന്ന് വാഹനങ്ങളുടെയും ആളുകളുടെയും തലയില്‍ വീഴുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. അപകട നിലയിലുള്ള കെട്ടിടത്തിന്‍റെ ഓടുകളും പട്ടികകളും വീണു തലനാരിലിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ പതിവാണെങ്കിലും ആരും പുറത്ത് പറയുന്നില്ലേയുള്ളു. കെട്ടിടങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് വിഷയം ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതിയില്‍ ചര്‍ച്ചയായി വരികയും നഗരസഭയോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നഗരസഭ അപകടകരമായ കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും കെട്ടിട ഉടമകള്‍ രാജാ റോഡ് വികസനം വരുമ്പോള്‍ പൊളിച്ചു നീക്കേണ്ടതല്ലേയെന്ന ചോദ്യം നഗരസഭയോട് ചോദിച്ചതോടെ നഗരസഭ അധികൃതര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് ഏത് സമയത്തും റോഡിലേക്ക് വീഴാന്‍ കാത്തിരിക്കുന്ന മേല്‍ക്കൂരകള്‍ നീക്കം ചെയ്യാനെങ്കിലും നഗരസഭ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഭരണ പ്രതിപക്ഷ കക്ഷികളോ യുവജന സംഘടനകളോ ഇതുവരെ തയ്യാറായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപത്തെ പഴകിയ കെട്ടിടം പട്ടാപ്പകല്‍ മേല്‍ക്കൂരയടക്കം തകര്‍ന്ന് വീണിട്ടും അപകടം സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്. കാല്‍നടയാത്രക്കാരുടെയോ വാഹനങ്ങളുടെയോ മേലെ ഓടും പട്ടികകളും ഉയരത്തില്‍ നിന്നു വീണാല്‍ സംഭവിക്കാവുന്ന അപകടത്തിന് ആര് മറുപടി പറയും. ജീവഹാനി വരുത്തുന്നതിന് മുമ്പ് ഇതിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാലവര്‍ഷം ആരംഭിച്ചതോടുകൂടി അപകടത്തിന്‍റെ വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത്തരം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കീഴിലൂടെയാണ് രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നടന്നുപോകുന്നത്.