കാരക്കോട്ട് പാലം പണി നിലച്ചു; നാട്ടുകാരില്‍ പ്രതിഷേധം ശക്തം

മടിക്കൈ : രണ്ട് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കാരക്കോട് പാലം പണി പാതിവഴിയില്‍ നിലച്ചു. കരാറുകാരന്‍റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി. പണി നിലച്ച് ആറുമാസമായതോടെ കരാറുകാരന് നോട്ടീസ് നല്‍കിയതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാലത്തിന്‍റെ കൈവരിയും ഇരുഭാഗത്തെ അപ്രോച്ച് റോഡുകളുമാണ് പൂര്‍ത്തിയാക്കാനുള്ളത്. 1974ല്‍ നിര്‍മ്മിച്ച നിലവിലുണ്ടായിരുന്ന ചെക്ക്ഡാമിന്‍റെ ട്രാക്ടര്‍ വേയിലൂടെ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2023 ലെ ബജറ്റില്‍ ഇടതുസര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചത്. 4.75 കോടിയുടെ നിര്‍മ്മാണാനുമതി ലഭിച്ച പദ്ധതി 3.68 കോടി രൂപയ്ക്ക് നിര്‍മ്മാണകരാര്‍ ഉറപ്പിച്ചു. എന്നാല്‍, പണി നിലച്ചതോടെ വാഹനഗതാഗതം ദുഷ്കരമായിരിക്കുകയാണ്. പാലത്തിനിരുവശത്തും മണ്ണിട്ട് ഉയര്‍ത്തിയാണ് താത്കാലിക ഗതാഗത സൗകര്യമൊരുക്കിയത്. ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് കയറാന്‍ പ്രയാസമാണ്. മഴ കനത്തതോടെ മണ്ണ് ഒലിച്ച് പോയി വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് കയറാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്.

പാലംപണി നീളുന്നതില്‍ നാട്ടുകാര്‍ കടുത്ത നിരാശയിലാണ്. ജൂണോടെ തീരേണ്ട പണിയില്‍ വീഴ്ച വരുത്തിയ കരാറുകാരന് നോട്ടീസ് നല്‍കിയെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ 80 ശതമാനം പണിയും തീര്‍ന്നുവെന്നും ജോലിക്കാരെ കിട്ടാത്തതാണ് പണിതീരാന്‍ വൈകിയതെന്നും കരാറുകാരന്‍ പറയുന്നു. എന്നാല്‍ സമയബന്ധിതമായി പണി തീര്‍ക്കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണെന്നും, ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നില്ലെന്നും അനാസ്ഥ തുടരുന്ന പക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.