നീലേശ്വരം : നീലേശ്വരത്ത് അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്റ്റേഷന് ഉദ്യോഗസ്ഥരുടെ പിടുപ്പുകേട്ടു മൂലം ഇന്നും ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുന്നു. നീലേശ്വരം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കാനായിരുന്നു 2023 ല്‍ എംഎല്‍എയായിരുന്ന എം.രാജഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചത്.
കെട്ടിട നിര്‍മ്മാണ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്ഥലത്തിന്റെ മണ്ണ് പരിശോധന 2024 ജൂലൈ 27 ന് നടന്നതുമാണ്. എന്നാല്‍ രണ്ടുവര്‍ഷം തികയാറായിട്ടും നിര്‍മ്മാണ പ്രവര്‍ത്തി നീണ്ടുപോവുകയാണ്. പി ഡബ്ല്യു ഡി അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് തീരുമാനം ആവാതെ നീണ്ടു പോകുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നീലേശ്വരത്ത് മിനി സിവില്‍ സ്റ്റേഷന് വേണമെന്നത് ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മാണത്തിന് പിഡബ്ല്യുഡി കെട്ടിട വിഭാഗം ആദ്യം തയ്യാറാക്കിയ പ്ലാന്‍ റവന്യൂ വകുപ്പ് അംഗീകരിച്ച് മുന്നോട്ടു പോയതാണ് ആ പ്ലാനിന് പിഡബ്ല്യുഡി ഡിസൈന്‍ വിങ്ങിന്റെ അംഗീകാരം ലഭിച്ചതുമാണ്. പിന്നീട് ബന്ധപ്പെട്ടവര്‍ കെട്ടിടത്തിന്റെ പ്ലാന്‍ വിശദമായി പരിശോധിച്ചപ്പോള്‍ നിലവിലെ പ്ലാനില്‍ പാര്‍ക്കിംഗ് ഏരിയ കുറവാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പുതിയ പ്ലാന്‍ തയ്യാറാക്കാന്‍ പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെയും പുതിയ പ്ലാന്‍ സമര്‍പ്പിക്കാത്തതാണ് മിനിസിവില്സ്റ്റേഷന് നിര്‍മ്മാണം അനന്തമായി നീണ്ടുപോകാന്‍ കാരണമത്രെ. കെട്ടിട വിഭാഗം പ്ലാന്‍ തയ്യാറാക്കിയാല്‍ തന്നെ ഡിസൈന്‍ വിങ്ങിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ മനസ്സുവെച്ചാല്‍ ഇതൊക്കെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുമെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. പുതിയ പ്ലാന്‍ തയ്യാറാക്കി അതിന് റവന്യൂ വകുപ്പ് അംഗീകാരം നല്കിയാല് മാത്രമേ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് പോകുവാന്‍ കഴിയൂ. ഇങ്ങനെയാണ് കാര്യങ്ങളുടെ പോ ക്കെങ്കില്‍ നീലേശ്വരം സിവില്‍ സ്റ്റേഷന് അടുത്ത കാലത്തൊന്നും ഇത് യാഥാര്‍ത്ഥ്യമാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മിനി സിവില്‍ സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് നീലേശ്വരം നഗരസഭ ചെയര്മാന് പി പി മുഹമ്മദ് റാഫി ജന്മദേശത്തോട് പറഞ്ഞു. പിഡബ്ല്യുഡി വകുപ്പിന്റെ അനാസ്ഥ തന്നെയാണ് ഇത് അനന്തമായി നീളുവാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. ജില്ല വികസന സമിതി യോഗത്തില്‍ ഈ വിഷയം ശക്തമായി ഉന്നയിക്കാറുണ്ട്. മെയ് മാസം അവസാനം നടന്ന ജില്ലാ വികസന സമിതി യോഗത്തിലും പ്രശ്നം ഉന്നയിച്ചപ്പോള്‍ പിഡബ്ല്യുഡി വകുപ്പ് കെട്ടിടത്തിന്റെ പ്ലാനും ഡ്രോയിംഗും തയ്യാറാക്കുന്നുണ്ട് എന്ന മറുപടിയാണ് നല്‍കിയത്.