ഊമക്കത്ത് അയച്ച് അപമാനിക്കാന്‍ ശ്രമം; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം സ്വദേശിയായ യുവാവിനും സുഹൃത്തായ സ്ത്രീക്കുമെതിരെ അശ്ലീലവും അപമാനകരവുമായ ഉള്ളടക്കമുള്ള ഊമക്കത്തുകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. നീലേശ്വരം ആലിങ്കീല്‍ സ്വദേശിയായ യുവാവിന്‍റെ പരാതിയില്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2025 ജൂലൈ ഒന്നിനും 2026 സെപ്റ്റംബര്‍ 18, 30 തീയതികളിലുമാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിക്കാരന്‍റെ ഓഫീസ് വിലാസത്തിലേക്ക് അയച്ച കത്തുകളില്‍ അയച്ചയാളുടെ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്നില്ല. കവറുകള്‍ ഒട്ടിക്കാതെയാണ് കത്തുകള്‍ അയച്ചത്. യുവാവിനെയും സുഹൃത്തായ സ്ത്രീയെയും സമൂഹമധ്യത്തില്‍ അപമാനിക്കുകയായിരുന്നു ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ രഞ്ജിത്ത്, കെ.വി. സുരേഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാനഗര്‍ എസ്.ഐ. എല്‍. വിഷ്ണുവിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.