കാഞ്ഞങ്ങാട് സൗത്ത് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ ഗേള്‍സ് ടോയിലറ്റിന്‍റെ ഡോര്‍, ക്ലോസറ്റ്, വാഷ് ബേസിന്‍ എന്നിവയും റെയില്‍വേ പാളത്തിന് സമീപമുള്ള ഇരുമ്പ് കാല്‍നട പാലവും അജ്ഞാതര്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ജൂണില്‍ ഉദ്ഘാടനം ചെയ്ത ഗേള്‍സ് ടോയിലറ്റ് കോംപ്ലക്സിലുള്‍പ്പെടെ അതിക്രമം ഉണ്ടായി. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് അക്രമം കണ്ടത്. പെണ്‍കുട്ടികളും സ്റ്റാഫും ഉപയോഗിക്കുന്ന നാല് ടോയിലറ്റിന്‍റെ ഡോര്‍ പൊളിക്കുകയും ഒപ്പം ക്ലോസറ്റും വാഷ് ബേസിനും അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ അധ്യാപികമാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയായി. സ്കൂളിലേക്കുള്ള പുറകിലത്തെ വഴിയായ റെയില്‍വേ പാളത്തിന് സമീപമുള്ള ഇരുമ്പ് പാലത്തിന്‍റെ കൈവരികള്‍ വളച്ചും പൊട്ടിച്ചും നശിപ്പിച്ച നിലയിലാണ്. ഈ വഴിയിലൂടെയാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തുന്നത്. പാലം തകര്‍ന്നതോടെ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായി . മഴക്കാലമായതിനാല്‍ തകര്‍ന്ന പാലത്തിന് ചുറ്റും വെള്ളക്കെട്ടും ചെളിയുമുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഉടന്‍ തന്നെ ടോയിലറ്റും പാലവും നന്നാക്കി കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം വേണമെന്ന് പി.ടിഎ പ്രസിഡന്‍റ് എന്‍ ഉണ്ണികൃഷ്ണനും വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ പി എസ് അരുണും, ഹെഡ്മാസ്റ്റര്‍ ഗിരിശനും സംയുക്തമായി ആവശ്യപ്പെട്ടു.