കെ.ആര്‍.കണ്ണന്‍റെ ജന്മശതാബ്ദി ആരും ശ്രദ്ധിക്കാതെ കടന്നുപോയി

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ സഹകാരിയും പത്രപ്രചാരകനുമായിരുന്ന നീലേശ്വരത്തെ കെ.ആര്‍.കണ്ണന്‍റെ ജന്മശതാബ്ദി ആരും ശ്രദ്ധിക്കാതെ കടന്നുപോയി. 1926 ഏപ്രില്‍ 13ന് മേട മാസത്തിലെ പൂരം നക്ഷത്രത്തിലാണ് കെ.ആര്‍.ജനിച്ചത്. ഒരു സാധാരണ നെയ്ത്ത് തൊഴിലാളിയായ വലിയ വീട്ടില്‍ രാമന്‍റെയും ചിരുതയുടെയും മകനായി പിറക്കുമ്പോള്‍ ചുറ്റും കണ്ട് വളര്‍ന്നത് കൊടിയ ദാരിദ്ര്യമായിരുന്നു. ആരോഗ്യ മന്ത്രി, സഹകരണ മന്ത്രി, ദേവസ്വം മന്ത്രി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ച എന്‍.കെ.ബാലകൃഷ്ണന്‍റെ സന്തത സഹചാരിയായിരുന്നു കെ.ആര്‍.കണ്ണന്‍. അദ്ദേഹവുമായുള്ള അടുപ്പമാണ് സഹകരണ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. പി.എസ്.പിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറും കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന എന്‍.കെ തന്‍റെ സുഹൃത്തും ബന്ധുവുമായ കെ.ആര്‍.കണ്ണനെ കലവറയില്ലാതെ സഹായിച്ചു. 1970-74 കാലയളവില്‍ നിലവില്‍ ഉണ്ടായ കേരളത്തിലെ ആദ്യ കേരള അപെക്സ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. ജോസഫ് ചാക്കോളയായിരുന്നു പ്രസിഡന്‍റ്. നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് എന്‍.കെ.ബാലകൃഷ്ണന്‍ മാറി നിന്നപ്പോള്‍ ടി.പി.നാരായണന്‍ നായര്‍, കരിപ്പോത്ത് കുഞ്ഞിക്കേളു വൈദ്യര്‍, കരിങ്ങാട്ട് കുഞ്ഞമ്പു നായര്‍, കെ.ആര്‍.കണ്ണന്‍ ഇവരില്‍ ആരെങ്കിലും പ്രസിഡന്‍റ് പദം ഏല്‍ക്കണമെന്ന് എന്‍.കെ നിര്‍ബന്ധിച്ചു. എല്ലാവരും കൂടി പ്രസിഡണ്ടുപദവി കെ.ആര്‍.കണ്ണനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് 20 വര്‍ഷത്തോളം പ്രസിഡണ്ടായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. മറ്റു പല സഹകരണ സംഘങ്ങളിലും സൊസൈറ്റികളിലും കെ.ആര്‍.സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാള മനോരമ, മംഗളം, ദിഹിന്ദു എന്നീ പത്രങ്ങളുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഏജന്‍റായിരുന്നു കെ.ആര്‍.കണ്ണന്‍. ഇതിന്‍റെയൊക്കെ മേല്‍നോട്ടം വഹിച്ചത് തന്‍റെ ജേഷ്ഠ സഹോദര പുത്രനായ ബാലനായിരുന്നു. എല്‍.ഐ.സി ഏജന്‍റ് കൂടിയായിരുന്നു കെ.ആര്‍. സ്വാതന്ത്ര്യസമര സേനാനി, പ്രമുഖ സഹകാരി, പത്രപ്രചാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.ആര്‍.കണ്ണന് നിരവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചു. ഗോവാസമരം സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച സര്‍ക്കാറാണ് കെ.ആര്‍.കണ്ണനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്. ഇന്ത്യന്‍ ദേശീയത അതിന്‍റെ സംഭവബഹുലമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രക്തം തിളക്കുന്ന യൗവ്വനാവസ്ഥ പിന്നിടുകയായിരുന്നു കെ.ആര്‍. 1930ല്‍ പൂര്‍ണ്ണസ്വരാജ് പ്രഖ്യാപിക്കപ്പെട്ടു. 1930 മാര്‍ച്ച് 12 ന് മഹാത്മാഗാന്ധി ദണ്ഡിയാത്ര തുടങ്ങി. ഏപ്രില്‍ 21ന് പയ്യന്നൂര്‍ ഉളിയത്ത് കടവില്‍ നിയമലംഘനം നടത്തി. ഉപ്പുകുറുക്കി, 1932ല്‍ ഗുരുവായൂര്‍ സത്യാഗ്രഹം, 1941 ല്‍ കയ്യൂര്‍ സമരം, 1942 ല്‍ ക്വിറ്റി ഇന്ത്യാസമരം, 1946ല്‍ പുന്നപ്രവയലാര്‍ സമരം. അടിമത്വത്തിന്‍റെ നുകം വലിച്ചെറിഞ്ഞ് നടുവ് നിവര്‍ത്തി കര്‍ഷകരും തൊഴിലാളികളും രാജ്യത്ത് ആകമാനം ചെറുകിട സമരങ്ങള്‍ നടത്തി. ക്രൂരമായ മര്‍ദ്ദനങ്ങളും ജയില്‍ശിക്ഷയും ഏറ്റുവാങ്ങി. സംഭവ ബഹുലമായ രാഷ്ട്രീയാന്തരീക്ഷം നിരവധി ചെറുപ്പക്കാരെ രാഷ്ട്രീയത്തിന്‍റെ മുഖ്യധാരയിലേക്ക് ആകര്‍ഷിച്ചു. ജന്മി-നാടുവാഴിത്ത-മാടമ്പി സംസ്കാരത്തിനെതിരെയും കര്‍ഷകരും തൊഴിലാളികളും കലാപക്കൊടിയുയര്‍ത്തി. അവരോടൊപ്പം കെ.ആര്‍.കണ്ണനും ചേര്‍ന്നു. നേതാവ് ചമഞ്ഞില്ല; പ്രസംഗങ്ങള്‍ നടത്തിയില്ല. എങ്കിലും സിരകളില്‍ കത്തിപ്പടര്‍ന്ന സമരാവേശം കെടാതെ സൂക്ഷിച്ചു. എന്‍.കെ.ബാലകൃഷ്ണന്‍റെ ജന്മശതാബ്ദി നീലേശ്വരത്ത് വിപുലമായി ആഘോഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ കെ.ആര്‍ കണ്ണന്‍റെ ജന്മശതാബ്ദി ഒരുമാസം മുമ്പേ കടന്നുപോയത് ആരും ശ്രദ്ധിക്കാതിരുന്നതെന്തേ എന്ന ചോദ്യം ഉയരുന്നു. പലപ്പോഴും സമുദായ വക്താവിന്‍റെ വേഷം അണിയാറുള്ള കാഞ്ഞങ്ങാട്ടെ സി.കെ.ശ്രീധരനും ഇക്കാര്യം ശ്രദ്ധിച്ചില്ലത്രെ. പുസ്തകം എഴുതി കോണ്‍ഗ്രസ് വിട്ട് സിപിഎം സഹയാത്രികനായതോടെ സി.കെ.ശ്രീധരന് പഴയ ഉശിര് ഇല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള ചിലരുടെ കമന്‍റ്. ഭാര്യ: ടി.ടി.വി.തങ്കം. മക്കള്‍: ലീന, സീന. ഏകസഹോദരന്‍ ചാത്തു.