ഗ്യാസ് വിലവര്‍ദ്ധനവിന്‍റെ പേരില്‍ ഹോട്ടലുകളില്‍ പിടിച്ചുപറി

നീലേശ്വരം: യുദ്ധത്തിന്‍റെ പേരില്‍ ഗ്യാസിന്‍റെ ലഭ്യതകുറവ് പറഞ്ഞും അടിക്കടി ഉണ്ടാവുന്ന ഗ്യാസ് വിലവര്‍ധനവിലും പല ഹോട്ടലുകളും ചില തട്ടു കടക്കാരും നടത്തുന്നത് അന്യായമായ പിടിച്ചുപറിയാണെന്നും അക്ഷേപം. ഇപ്പോള്‍ മിക്ക ഹോട്ടലുകാരും തട്ടുകടക്കാരും എണ്ണപലഹാരങ്ങള്‍ക്ക് 15 രൂപ മുതല്‍ 20 വരെയാണ് ഈടാക്കുന്നത്. പലഹാരങ്ങള്‍ പുറമേ നിന്നും വാങ്ങി വില്‍ക്കുന്നവരും ഇതേവില ഈടാക്കുന്നു. 7 അല്ലെങ്കില്‍ 8 രൂപക്ക് നിര്‍മ്മാതാക്കള്‍ എത്തിച്ചു കൊടുക്കുന്ന പത്തല്‍, ഇടിയപ്പം, വെള്ളയപ്പം, മറ്റ് എണ്ണ പലഹാരങ്ങളും ഒക്കെ വില്‍ക്കുന്നത് 15-20 രൂപയ്ക്കാണ്. ചായക്കും 15 രൂപയാണ് വസൂലാക്കുന്നത്. ഒരു പലഹാരത്തിന്‍റെ മുകളില്‍ തന്നെ 7 -8 രൂപ വരെ ലാഭം കിട്ടുന്ന തരത്തിലാണ് കച്ചവടം. കറികള്‍ക്കാണെങ്കില്‍ 25 മുതല്‍ മേല്‍പ്പോട്ടാണ് ഗ്യാസ് വില വര്‍ദ്ധനയുടെ പേരില്‍ വാങ്ങിക്കുന്നത്. തക്കാളിയുടെയും ഉള്ളിയുടെയും വില താഴ്ന്നിട്ടും കറികളുടെ വില കുറയ്ക്കുന്നില്ലെന്ന് മാത്രമല്ല വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹോട്ടലിനെ ആശ്രയിച്ച് ഭക്ഷണം കഴിച്ചിരുന്ന ആളുകള്‍ ചിലവ് ചുരുക്കാനായി പലരും വീട്ടില്‍ നിന്നു തന്നെ ഭക്ഷണം പൊതിഞ്ഞെടുക്കുകയാണ്. തീരെ നിവൃത്തിയില്ലാത്തവര്‍ അമിത വില കൊടുത്ത് ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നു. വില നിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. യുവജന സംഘടനകള്‍ കഴിഞ്ഞ തവണ വിലക്കയറ്റത്തിനെതിരെ പ്രതികരിച്ച് അമിത വില കുറപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ചിട്ടും ആരുടെയും ഇടപെടല്‍ കാണുന്നില്ലെന്നാണ് ആളുകളുടെ പരാതി. ഗ്യാസിന്‍റെ വിലവര്‍ദ്ധനവ് എന്നത് വസ്തുത തന്നെ ആണെങ്കിലും വീടുകളില്‍ നിന്നും മറ്റും നിസ്സാര വിലയ്ക്ക് കടകളില്‍ എത്തിച്ചു കൊടുക്കുന്ന പലഹാരങ്ങള്‍ക്ക് അമിത വില വാങ്ങുന്നത് എന്തുതന്നെയായാലും അംഗീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പലഹാരങ്ങള്‍ എത്തിച്ചു കൊടുക്കുന്നവര്‍ക്ക് ഒരു രൂപയോ രണ്ട് രൂപയോ വര്‍ദ്ധിപ്പിച്ചു തരണമെന്ന് പറഞ്ഞാല്‍ അതിന് ഇവര്‍ തയ്യാറാവുന്നുമില്ല. റോഡരികില്‍ പൂര്‍ണമായും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചില തട്ടുകടക്കാരും അന്യായ വില തന്നെയാണ് ഈടാക്കുന്നത്.