കരിവെള്ളൂര്‍: മദ്യലഹരിയില്‍ ഭാര്യാവീട്ടില്‍ ചെന്ന് ഭാര്യയേയും മാതാപിതാക്കളെയും അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കരിവെള്ളൂര്‍ തെരുവിലെ കൊട്ടില വീട്ടില്‍ കെ.വി.രമേശന്റെ മകള്‍ വര്‍ഷ എസ് രമേശ് (32), പിതാവ് രമേശന്(55), അമ്മ ശോഭ(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വര്‍ഷയുടെ ഭര്‍ത്താവ് മാതമംഗലം കണ്ടോന്താറിലെ ചന്തുവിന്റെ മകന് പി.വി.സതീശന്(46)നെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് 6 മണിയോടെ മദ്യലഹരിയില്‍ വര്‍ഷയുടെ വീട്ടിലെത്തിയ സതീശന് വര്‍ഷയെ അക്രമിക്കുകയും ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പിതാവ് രമേശന്റെ നെഞ്ചില്‍ പിടിച്ച് തള്ളുകയും അമ്മയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. 2013 സെപ്തംബര്‍ 13 നാണ് വര്‍ഷയും സതീശനും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം കണ്ടോന്താറിലെ സതീശന്റെ വീട്ടില്‍ വെച്ചും കരിവെള്ളൂരിലെ വര്‍ഷയുടെ വീട്ടില്‍ വെച്ചും പതിവായി മദ്യപിച്ചെത്തി സ്വത്ത് ആവശ്യപ്പെട്ട് സതീശന് ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നതായും വര്‍ഷ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
മദ്യലഹരിയില്‍ ഭാര്യവീട്ടില്‍ അക്രമം: ഭാര്യക്കും മാതാപിതാക്കള്‍ക്കും പരിക്ക്