കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അടുത്തബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവിലെ ചേരന്‍ ഹൗസിലെ പി.സി.ഷനൂപി(42)നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പാപ്പിനിശ്ശേരിയിലെ സൂര്യ സുരേഷിന്‍റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണ് സഹോദരീ ഭര്‍ത്താവായ ഷനൂപ് കവര്‍ന്നത്. രണ്ടേകാല്‍ പവനോളം തൂക്കംവരുന്ന ചെയിന്‍, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ ആഗസ്തിലാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്ന് അരപ്പവന്‍ ആദ്യം ബാങ്കില്‍ പണയം വച്ചു. സ്വര്‍ണത്തിന് വില വര്‍ധിച്ചപ്പോള്‍ അതെടുത്ത് മറിച്ചുവിറ്റു. സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്ഐമാരായ ഭാസ്കരന്‍ നായര്‍, അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
യുവതിയുടെ സ്വര്‍ണ്ണം കവര്‍ന്ന സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍