രേഷ്മാതിരോധാന കേസ്: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി

രാജപുരം: എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി.രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് ടീം മൂന്ന് മാസം അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ലോക്കല്‍ പോലീസ് 14 കൊല്ലം അന്വേഷണം നടത്തി പരാജയപ്പെട്ട സാഹചര്യത്തിലാണ് കേരള ഹൈക്കോടതി ക്രൈംബ്രാഞ്ചിലെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചത്. ഇതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് എസ്പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. നിരവധിപേരെ ചോദ്യം ചെയ്തു. പക്ഷെ ഫലമുണ്ടായില്ല.

2024 ഡിസംബര്‍ 9നാണ് ഹൈക്കോടതി കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ക്രൈംബ്രാഞ്ച് സജീവമായ അന്വേഷണം നടത്തി. കഴിഞ്ഞ 8 ന് രേഷ്മാതിരോധാനകേസ് ഹൈക്കോടതി പരിഗണിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് 8 വരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തില്‍ യാതൊരു പുരോഗതിയും കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കിയത്. കോടതി ഇതില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഒരുമാസം കൂടി സമയം നല്‍കിയിരിക്കുകയാണ്. അടുത്ത കേസ് ഏപ്രില്‍ 9 ന് പരിഗണിക്കും. അന്നും ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കുന്നില്ലെങ്കില്‍ രേഷ്മാതിരോധാനകേസ് സിബിഐക്ക് വിടാനാണ് സാധ്യത. രേഷ്മാതിരോധാന കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് രേഷ്മയുടെ കുടുംബം നല്‍കിയ ഹരജി ഹൈക്കോടതിയിലുണ്ട്. രേഷ്മ ജീവിച്ചിരിക്കുന്നുണ്ടോ അതല്ല മരിച്ചിട്ടുണ്ടോ എന്നുള്ള വ്യക്തമായ റിപ്പോര്‍ട്ട് 14 കൊല്ലം കേസന്വേഷണം നടത്തിയ ലോക്കല്‍ പോലീസിനും മൂന്ന് മാസം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും നല്‍കാന്‍ കഴിഞ്ഞില്ല. പാണത്തൂര്‍ ബാപ്പുകയത്തെ ബിജുപൗലോസ് രേഷ്മയെ കൊന്ന് പുഴയിലൊഴുക്കിയെന്ന് ലോക്കല്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ ഇതിന് ആധാരമായ തെളിവുകള്‍ ഹാജരാക്കിയില്ല. ഇതിനാല്‍ കോടതി പ്രസ്തുത റിപ്പോര്‍ട്ട് കണക്കിലെടുത്തിട്ടില്ല.