വിദ്യാനഗറില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു

കാസര്‍കോട്: കാസര്‍കോട് അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.15 ഓടെ ദേശീയപാത അണങ്കൂര്‍ സ്കൗട്ട് ഭവന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍പെട്ടത്. ബിസി റോഡില്‍ സിവില്‍ സ്റ്റേഷന്‍ ബസ്റ്റോപ്പില്‍ സി വില്‍സ്റ്റേഷനിലേയും കോടതി കോംപ്ലക്സിലേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതയിലോടുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. ഡ്രൈവറും കണ്ടക്ടറുമടക്കം ബസില്‍ ഏഴുപേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. കാഞ്ഞങ്ങാട് മുതല്‍ ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. വേഗത കുറക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍പെട്ട ബസിനെ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും മാറ്റി. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് നഗരത്തിില്‍ ദേശീയ പാതയില്‍അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.