ഇക്ബാല്‍ ജംഗ്ഷന്‍ - അജാനൂര്‍ കടപ്പുറം റോഡ് അപകടപാതയായി മാറി

കാഞ്ഞങ്ങാട് : ഇക്ബാല്‍ ജംഗ്ഷന്‍-അജാനൂര്‍ കടപ്പുറം റോഡ് അപകട പാതയായി മാറിയെന്നും റോഡിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ ജനകീയ കുട്ടായ്മയിലൂടെ പ്രതിഷേധം ശക്തമാക്കുമെന്നും കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ നാട്ടുകാരായ ഷാജി അമൃതാസ്, അഹമ്മദ് കിര്‍മാണി എന്നിവര്‍ ആവശ്യപ്പെട്ടു. ഒരുമാസം മുമ്പാണ് റോഡ് മെക്കാഡം ടാറിങ്ങ് നടത്തിയത്. മെക്കാഡം പൂര്‍ത്തിയായതോടെ റോഡ് സമതലത്തില്‍ നിന്ന് ഒന്നര അടിയിലേറെ ഉയരത്തിലായി. പലയിടത്തും ഇതിലും കൂടുതല്‍ ഉയരത്തിലാണ് റോഡ് ഉള്ളതെന്ന് ഇവര്‍ പറയുന്നു. റോഡിന്‍റെ ഒരുഭാഗത്ത് ഓവുചാലും മറുഭാഗത്ത് കോണ്‍ക്രീറ്റും ചെയ്യുമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും നടന്നില്ല. റോഡിന്‍റെ ഇരുഭാഗത്തും വലിയ കുഴിയാണ് ഇതോടെ റോഡ് അപകടങ്ങള്‍ കൂടി. കഴിഞ്ഞ ദിവസം മാത്രം രണ്ട് സ്കൂട്ടറുകള്‍ അപകടത്തില്‍ പെട്ടു. 1.14 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ടാര്‍ ചെയ്തത്. 2 കോടിയാണ് റോഡിന്‍റെ അടങ്കല്‍ തുക. 1.14 കോടിക്കാണ് കരാറുകാര്‍ റോഡ് പണി ഏറ്റെടുത്തത്. കരാറുകാരെ ബന്ധപ്പെടുമ്പോള്‍ ഫണ്ടില്ലെന്ന് മറുപടിയാണ് ലഭിക്കുന്നതെന്നും ഇരുവരും പറഞ്ഞു. റോഡിന്‍റെ ഇരുഭാഗത്തും കുഴിയായതിനാല്‍ റോഡിലൂടെയാണ് നടക്കുന്നത്. ഇതും അപകടത്തിന് കാരണമാകുന്നു. ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലേക്കുള്ള വിദ്യാര്‍ഥികള്‍ കടന്നു പോകുന്നതും ഇതുവഴിയാണ്. സ്കൂള്‍ തുറക്കും മുമ്പ് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും.