കൂടോത്രത്തെക്കുറിച്ച് ഒന്നും ഉരിയാടാതെ ഉണ്ണിത്താന്‍

കാസര്‍കോട്: ഹൈമാസ്റ്റ് ലൈറ്റിന്‍റെ പേരില്‍ തനിക്കെതിരെയുള്ള അഴിമതി ആരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍ എം.പി. ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും അഴിമതി തെളിയിക്കണമെന്നും വിദ്യാനഗര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. എംപി ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍ പണം എംപിയ്ക്ക് ലഭിക്കുന്നില്ല. ഫണ്ടിലേക്ക് പണമെത്തുമ്പോള്‍ എംപിയുടെ കയ്യില്‍ അല്ല അതെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ ഒരു വ്യക്തിയുടെ വാക്ക് കേട്ട് തന്‍റെ പൂട്ടിയ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയെ എംപി പരിഹസിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് വിവരം കുറഞ്ഞു പോയെന്നും അത് കൊണ്ടാണ് മാഷ് തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതെന്നും എംപി പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാം. അഴിമതി കണ്ടെത്തിയാല്‍ താന്‍ എംപി സ്ഥാനം രാജി വെക്കാം. മറിച്ചായാല്‍ സിപിഎം ജില്ലാ സെക്രട്ടറി പൊതു പ്രവര്‍ത്തനം നിര്‍ത്തുമോയെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിടുമോയെന്നും എം പി ചോദിച്ചു. അതേസമയം കൂടോത്രം വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി.