കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു. ഏപ്രില്‍ 2 നാണ് തിരഞ്ഞെടുപ്പ്. ബാര്‍ അസോസിയേഷനില്‍ മുന്നൂറോളം അംഗങ്ങളുണ്ട്. ഇവരില്‍ ഇരുന്നൂറിലധികം അഭിഭാഷകര്‍ സജീവമാണ്. ലോയേഴ്സ് കോണ്‍ഗ്രസ്, ലോയേഴ്സ് യൂണിയന്‍, അഭിഭാഷക പരിഷത്ത് തുടങ്ങിയ സംഘടനകള്‍ക്കാണ് അസോസിയേഷനില്‍ മേധാവിത്വം.
സി പി ഐ, ജനതാദള്‍, മുസ്ലീംലീഗ്, സി എം പി, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളില്‍പ്പെട്ടവരും ബാര്‍ അസോസിയേഷനില്‍ മെമ്പര്‍മാരാണ്. ഏപ്രില്‍ 2 ന് നടക്കുന്ന ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ തന്‍റെ പഴയകാല പ്രിയശിഷ്യന്‍ പി.നാരായണനെ പ്രസിഡണ്ടാക്കാന്‍ എം.സി.ജോസ് കരുക്കള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. പി.നാരായണനെ മത്സരിപ്പിക്കാനുള്ള അംഗീകാരം വാങ്ങുന്നതിന് ലോയേഴ്സ് കോണ്‍ഗ്രസ് യോഗം ഇന്ന് വൈകീട്ട് 4 ന് ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സി.കെ.ശ്രീധരന്‍ പുസ്തകം എഴുതി കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ പോയതോടെ കോണ്‍ഗ്രസ് വക്കീലന്മാരുടെ മേധാവിത്വത്തിന് എം.സി.ജോസും പി.നാരായണനുമാണ് കാഞ്ഞങ്ങാട്ടെ പ്രധാന അവകാശികളെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്ന് ചേരുന്ന ലോയേഴ്സ് കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയായി പി.നാരായണനെ അവതരിപ്പിക്കാനാണ് എം.സി.ജോസിന്‍റെയും സഹപ്രവര്‍ത്തകരുടെയും നീക്കം. ഹോസ്ദുര്‍ഗ് ബാറില്‍ ലോയേഴ്സ് കോണ്‍ഗ്രസിന് 140 ഓളം അംഗങ്ങളുണ്ട്. അതേസമയം സി പി എമ്മിന്‍റെ നിയന്ത്രണത്തിലുള്ള ലോയേഴ്സ് യൂണിയനിലെ അംഗങ്ങളുടെ എണ്ണം നൂറില്‍താഴെയാണ്. രണ്ട് കൊല്ലം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ലോയേഴ്സ് കോണ്‍ഗ്രസും യൂണിയനും പരിഷത്തും വെവ്വേറെയാണ് മത്സരിച്ചത്. വെവ്വേറെ മത്സരിച്ചാലും ക്രോസ് വോട്ടുകള്‍ സാധാരണയാണ്. സി.കെ കാലുമാറി സി പി എമ്മില്‍ പോയാലും ലോയേഴ്സ് കോണ്‍ഗ്രസിലെ മുഴുവന്‍ അംഗങ്ങളും എം.സി. ജോസിന്‍റെ നേതൃത്വത്തെ അംഗീകരിക്കുന്നില്ല. ചാരായ തൊഴിലാളികള്‍ നിര്‍മ്മിച്ച ശ്രമിക് ഭവനും ജോസിന്‍റെ കഴിഞ്ഞകാല രാഷ്ട്രീയ ജീവിതവും ഇടക്കിടെ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാവുന്നുണ്ട്. മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജ്മോഹനും പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് സൂചന. രാജ്മോഹന്‍ മത്സരിച്ചാല്‍ കഴിഞ്ഞകാല വാഗ്ദാനങ്ങള്‍ ചര്‍ച്ചയാവും. യൂണിയനുകള്‍ പരസ്പരം മത്സരിക്കാതെ സ്ഥാനങ്ങള്‍ പങ്കിട്ടെടുത്ത് മത്സരം ഒഴിവാക്കാനും ആലോചന നടക്കുന്നുണ്ട്.