തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി; കേരളത്തില്‍ 349 രൂപ

ദില്ലി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചല്‍ പ്രദേശിലും നാഗാലാന്‍റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തില്‍ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചല്‍ പ്രദേശ് ഷെഡ്യൂള്‍ഡ് ഏരിയ 295, ഹിമാചല്‍ പ്രദേശ് നോണ്‍ ഹിമാചല്‍ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാന്‍ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളില്‍ 374, തമിഴ് നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാള്‍ 250, ആന്‍റമാന്‍ ജില്ല 329, നിക്കോബാര്‍ ജില്ല 347, ദദ്ര നഗര്‍ ഹവേലി 324, ദാമന്‍ ആന്‍റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 എന്നിങ്ങനെയാണ് പുതുക്കിയ വേതന ഘടന. വര്‍ധിപ്പിച്ച വേതനം 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലെയടക്കം തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിനന്ദിച്ചു. ഈ വര്‍ദ്ധനവ് ലക്ഷക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്വാസമാവും. ഈ വര്‍ദ്ധനവ് മോദി സര്‍ക്കാരിന്‍റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നടപടി. ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍ കൂടി പാവപ്പെട്ടവരുടെ കൂടെയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.