നീലേശ്വരം: കരാറുകാരന്‍റെ അനാസ്ഥകാരണം നിര്‍മ്മാണം പാതിവഴിക്ക് നിലച്ച് കുണ്ടും കുഴിയുമായി ഗാതാഗതം ദുഃസഹമായ നീലേശ്വരം -എടത്തോട് റോഡ് തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യര്‍ സന്ദര്‍ശിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ജന്മദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയുടെ സന്ദര്‍ശനം. ആദ്യത്തെ കരാറുകാരനെ മാറ്റി റീടെണ്ടര്‍ നടപടികള്‍ തുടങ്ങിയെങ്കിലും ടെണ്ടര്‍ ഉറപ്പാക്കാത്തതാണ് റോഡിന്‍റെ പുനര്‍നിര്‍മ്മാണം വൈകാന്‍ കാരണം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി. നഗരസഭാ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, മുസ്ലീംലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.പി.നസീര്‍ തുടങ്ങിയവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
കരാറുകാരന്‍ മുങ്ങിയതുകാരണം ചായ്യോത്ത് മുതല്‍ നീലേശ്വരം മേല്‍പ്പാലം വരെയുള്ള പ്രവര്‍ത്തികളാണ് മുടങ്ങിയത്. റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മെക്കാഡം റോഡ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടതിനാല്‍ മറ്റുതരത്തില്‍ ഇവിടെ അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. കാലവര്‍ഷം ആരംഭിച്ചതോടെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞാല്‍ കുഴിയറിയാതെ ചെറിയ വാഹനങ്ങള്‍ ഇതില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുന്നു. ഇതിനിടയില്‍ പേരോല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ധനസമാഹാരം നടത്തി കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലിക പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല. ഏതു വിധേനയായാലും കോണ്‍വെന്‍റ് ജംഗ്ഷനിലെ കുഴികള്‍ മൂടാന്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് വാഹന ഉടമകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.