ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണത്തില്‍ മെല്ലെപ്പോക്ക്

പയ്യന്നൂര്‍: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് പരാതി നല്‍കിയെന്നും കുടുംബം പറയുന്നു. ജില്ലാതല വിദഗ്ധ സമിതിയില്‍ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്നും ബന്ധുക്കള്‍ പറയുന്നു. സംസ്ഥാനതല സമിതി റിപ്പോര്‍ട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെന്‍റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കള്‍ പറഞ്ഞു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കുഞ്ഞിന് അനസ്തീഷ്യ നല്‍കിയ ഡോക്ടറെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും. പയ്യന്നൂര്‍ സ്വദേശികളായ സൂരജിന്‍റെയും വിജിഷയുടെയും ഏക മകനായ ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബിഎംഎച്ച് ആശുപത്രിയില്‍ വെച്ച് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാകുകയായിരിന്നു. തുടര്‍ന്ന് കണ്ണൂര്‍ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു.